
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളാണ് നിലവില്‍ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തുന്ന സന്ദീപ് നായരുടെ കത്താണ് പുറത്തായത്. ജില്ലാ ജഡ്ജിക്കാണ് ഇയാള്‍ കത്തെഴുതിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേര് മാത്രമല്ല, ഉന്നത നേതാവിന്റെ മകന്റെ പേരും പറയണമെന്ന് നിര്‍ബന്ധിച്ചതായി മൂന്നുപേജുള്ള കത്തില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ സഹകരിച്ചാല്‍ ജാമ്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരിച്ചും സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റിനുള്ള അനുമതിയും നേടിയിരുന്നു.
അതേസമയം, ഈ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തില്‍ പരിശോധന നടത്തുമെന്നും ഇ.ഡി. പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇ.ഡിക്കെതിരെ രണ്ട് വനിതാ പോലീസുകാരും മൊഴി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തി എന്നത് അടക്കമുള്ള കാര്യങ്ങളാണ് വനിതാ പോലീസുകാരും പറഞ്ഞിരുന്നത്.