
വർക്കല : ലോക സമുദ്രദിനത്തോടനുബന്ധിച്ച് വർക്കല പാപനാശം തീരം ശുചീകരിച്ചു. ഓഷൻ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്ററും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും എം.ഒ.ഇ.എസും സംയുക്തമായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന തീരദേശ ശുചീകരണമാണ് പാപനാശത്ത് നടന്നത്.
വർക്കല ശ്രീനാരായണ കോളേജിലെ സുവോളജി വിഭാഗം ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി. വർക്കല എസ്.എൻ. കോളേജ്, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും എൻ.സി.സി. കേഡറ്റുകൾ, എൻ.എസ്.എസ്. വൊളന്റിയർമാർ, വർക്കല നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളും സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വി.ജോയി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി അധ്യക്ഷനായി.