

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിലും നിയമം കര്‍ശനമായി നടപ്പാക്കുന്നതിലും വിജയിക്കാന്‍ യോഗി ആദിത്യനാഥിന് കീഴില്‍ ഉത്തര്‍പ്രദേശിനു സാധിച്ചെന്ന് നരേന്ദ്ര മോദി പറഞ്ഞു. 51,000ലേറെ ഉദ്യോഗാര്‍ഥികള്‍ക്കു നിയമന ഉത്തരവ് കൈമാറിയ റോസ്ഗര്‍ മേളയില്‍ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി.

പുതുതായി നിയമിതരാകുന്നവര്‍ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യണം. നിയമസംവിധാനം ശരിയായി നടന്നാല്‍ മാത്രമേ രാജ്യത്തു വികസനമുണ്ടാകൂ. ഇതിനുള്ള മികച്ച ഉദാഹരണമാണ് ഉത്തര്‍പ്രദേശ്. നേരത്തേ, വികസനത്തില്‍ പിന്നാക്കം നില്‍ക്കുകയും കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്.

നിയമപാലനം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ മാറി. ഇപ്പോള്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കുകയാണു സംസ്ഥാനം. നേരത്തേയുണ്ടായിരുന്ന ഭയത്തിന്റെ അന്തരീക്ഷത്തില്‍നിന്നു സമൂഹം മുക്തരായി. ക്രമസമാധാനപാലനം ഇത്തരത്തില്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളില്‍ വിശ്വാസം വര്‍ധിക്കും. യു.പിയില്‍ നിക്ഷേപം കൂടുകയും കുറ്റകൃത്യ നിരക്ക് കുറയുകയുമാണ്- മോദി വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് മോദിയുടെ വാക്കുകളെന്നാണു വിലയിരുത്തല്‍.


