

തെലുങ്കാന: തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനും ഭരണകക്ഷിയായ ബി.ആര്‍.എസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിയല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലെന്നായിരുന്നു നരേന്ദ്ര മോദിയുടെ ആരോപണം. ശനിയാഴ്ച രാവിലെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പൊതുസമ്മേളനത്തിലാണ് മോദി ചന്ദ്രശേഖര റാവുവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. എല്ലാ അര്‍ത്ഥത്തിലും അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ചന്ദ്രശേഖര റാവു സര്‍ക്കാരെന്നും ഇപ്പോള്‍ ഡല്‍ഹി വരെ അവരുടെ അഴിമതി വ്യാപിച്ചിട്ടുണ്ടെന്നും മോദി വിമര്‍ശിച്ചു.

ചന്ദ്രശേഖര റാവു സര്‍ക്കാര്‍ തെലുങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാംതന്നെ ലംഘിക്കുകയാണ് ചെയ്തത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്നും മോദി അവകാശപ്പെട്ടു. കുടുംബാധിപത്യ പ്രവണതയെയും അഴിമതിയെയും കണക്കറ്റ് വിമര്‍ശിച്ച മോദി കോണ്‍ഗ്രസിനെയും ബി.ആര്‍.എസിനെയും സൂക്ഷിക്കണമെന്നും ജനങ്ങളോട് പറഞ്ഞു. അഴിമതിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ബി.ആര്‍.എസ് സര്‍ക്കാര്‍ പലവിധ തന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തെലുങ്കാന സന്ദര്‍ശനത്തില്‍ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട മോദി ആകെ 6100 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 500 കോടി രൂപ ചെലവ് വരുന്ന റെയില്‍വേ വാഗണ്‍ നിര്‍മ്മാണ യൂണിറ്റും ഉള്‍പ്പെടുന്നു. റെയില്‍വേ വാഗണ്‍ നിര്‍മ്മാണ യൂണിറ്റിന്റെ വരവോടെ പ്രദേശത്ത് തൊഴില്‍ മേഖല സൃഷ്ടിക്കപ്പെടുകയും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും അവകാശപ്പെട്ടു. സന്ദര്‍ശന വേളയില്‍ വാറങ്കലിലെ ചരിത്ര പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രവും മോദി സന്ദര്‍ശിച്ചു. തെലുങ്കാനയില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം.
