

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇനിമുതല്‍ നേമം സ്റ്റേഷന് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും അറിയപ്പെടും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധിയായതും വികസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥല പരിമിതി ഉള്ളതുകൊണ്ടുമാണ് നേമത്തെയും കൊച്ചുവേളിയിലെയും സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൈവന്നത്. നിലവില്‍ കൊച്ചുവേളിയില്‍നിന്ന് രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.



അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വരുന്നതിനും പോകുന്നതിനും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തന്നെയാണ് നിലവില്‍ പ്രയോജനപ്പെടുത്തുന്നത്. നേമത്തുനിന്നും കൊച്ചുവേളിയില്‍നിന്നും നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയാണ് ഇതിന് കാരണം. നേമത്തുനിന്നും കൊച്ചുവേളിയില്‍നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും 9 കി.മീ മാത്രമാണുള്ളത്. കൊച്ചുവേളിയിലെയും നേമത്തെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടങ്ങളില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും മെച്ചപ്പെടുമെന്ന് കരുതുന്നു. ഇതോടൊപ്പം നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരിനൊപ്പം തിരുവനന്തപുരം എന്നുകൂടി ചേര്‍ക്കുന്നതോടെ ഈ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്നും പ്രതീക്ഷിക്കുന്നു.


