
കോട്ടയം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇത് ചെയ്തില്ലെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ കേസുകള്‍ പിന്‍വലിക്കുമെന്നും ചെന്നിച്ചല പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായത് എന്ന മട്ടിലാണ് പിണറായി വിജയന്റെ പ്രവര്‍ത്തനം. പിഎസ്സി റാങ്ക് ഹോള്‍ഡേഴസുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയും ഞായറും സെക്രട്ടേറിയറ്റ് പ്രവര്‍ത്തിച്ചുവെന്നും ഈ ദിവസങ്ങളില്‍ പാര്‍ട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുളള നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതില്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തില്‍ പറഞ്ഞത് പ്രധാനമന്ത്രിക്ക് മനസിലാവാതിരിക്കാനാണെന്നും പരിഹസിച്ചു. ഇമേജ് വര്‍ധിപ്പിക്കാനും പിആര്‍ ഏജന്‍സികളുടെ ശക്തി വര്‍ധിപ്പിക്കാനും വേണ്ടി പരസ്യങ്ങള്‍ കൊടുക്കുന്ന വികസനം മാത്രമേ കേരളത്തില്‍ നടക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മാണി സി.കാപ്പന്റെ യുഡിഎഫിലേക്കുളള വരവ് യുഡിഎഫിന് ഗുണം ചെയ്യും. എല്‍ഡിഎഫ് ഒരു മുങ്ങുന്ന കപ്പലാണെന്ന് എല്ലാവര്‍ക്കും അറിയാം. സീറ്റുവിഭജനം ഉള്‍പ്പടെയുളള മറ്റുനടപടികള്‍ ആലോചിച്ച് തീരുമാനിക്കും. കാപ്പന്റെ യുഡിഎഫിലേക്കുളള വരവിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. വര്‍ഗ്ഗീയത സി.പി.എമ്മിന്റെ അജണ്ടയായി മാറിക്കഴിഞ്ഞു. അത് കേരളത്തിന് ആപത്താണ്. ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ വലിയ ഐക്യമുണ്ടായിട്ടുണ്ട്. അത് ജനങ്ങള്‍ അറിയണം. സുരേന്ദ്രന്റെ ജാഥയുടെ പേര് ‘വിജയ’ജാഥയെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.