
തിരുവനന്തപുരം: തലസ്ഥാനത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്. കടുത്ത വെയിലില്‍ പലരും കുഴഞ്ഞുവീണത് ദയനീയ കാഴ്ചയായി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്കായിരുന്നു മുട്ടിലിഴയല്‍ പ്രതിഷേധം.
സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികള്‍ നടത്തിയ യാചനാ സമരത്തിന്റെ ഭാഗമായി സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് നടത്തിയ സമരം സമൂഹ മനസുകളെ വേദനിപ്പിക്കുന്ന കാഴ്ചയായി മാറി. സംസ്ഥാനത്തിന്റെ യുവത്വങ്ങള്‍ തെരുവില്‍ കുഴഞ്ഞുവീണിട്ടും പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലയെന്ന മട്ടില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സര്‍ക്കാര്‍.
പ്രകടനപത്രികയിലൂടെ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരാണിത്. അവരാണ് ഇപ്പോള്‍ ഞങ്ങളോട് ഇത്തരത്തില്‍ അനീതി കാട്ടുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണ്-ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.
‘അര്‍ഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട്, ജോലിക്ക് വേണ്ടി മരണം വരെ പോരാടാന്‍ തയ്യാറാണ്. കൂടിനില്ക്കുന്ന ആയിരക്കണക്കിന് യുവാക്കളുണ്ട്, ഇവരുടെ കുടുംബങ്ങളും ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരാണ് ഞങ്ങള്‍. ഞങ്ങളോടെന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പിടിവാശി കാണിക്കുന്നത്. ഞങ്ങളില്‍ പലരും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഞങ്ങളുടെ അവസാന പ്രതീക്ഷയാണിത്. സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാവുന്നതു വരെ ഞങ്ങള്‍ പോരാടും. ഗതികെട്ട് അലയുകയാണ് ഇപ്പോള്‍’- ഉദ്യോഗാര്‍ഥികളിലൊരാള്‍ പറയുന്നു.
ഓള് കേരള ഹയര്‍ സെക്കണ്ടറി റാങ്ക് ഹോള്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍ണയും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു. കണ്ണൂരിലും ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. ഉദ്യോഗാര്‍ഥികള്‍ ഇന്ന് നിരാഹാര സമരമാണ് നടത്തുന്നത്. കോഴിക്കോടും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.