Breaking News

‘ടൂള്‍കിറ്റ്’ കേസ്: ദിശയുടെ അറസ്റ്റില്‍ മജിസ്‌ട്രേറ്റിനെതിരെ നിയമ വിദഗ്ധര്‍

ദിശ രവി

ന്യൂഡല്‍ഹി: ‘ടൂള്‍കിറ്റ്’ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ദിശ രവിയെ പോലീസ് കസ്റ്റഡിയില്‍വിട്ട ഡല്‍ഹി കോടതി മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ നിയമവിദഗ്ധര്‍ രംഗത്ത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ദിശയെ ഹാജരാക്കിയത്. എന്നാല്‍ ദിശയ്ക്കുവേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിശയെ പോലീസ് കസ്റ്റഡിയില്‍ വിട്ടതിനെതിരെയാണ് നിയമവിദഗ്ധര്‍ രംഗത്തുവന്നത്.
ദിശയ്ക്ക് അഭിഭാഷകന്റെ സേവനം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിശയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാതെ പോലീസ് കസ്റ്റഡിയില്‍ വിട്ടത് തെറ്റായ നടപടിയാണെന്ന് മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. ബംഗളുരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാന്‍സ്മിറ്റ് റിമാന്‍ഡ് ഇല്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതിന്റെ സാധുതയെയും റബേക്ക ചോദ്യം ചെയ്തു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്തതിനാല്‍തന്നെ ടൂള്‍ കിറ്റിന്റെ പേരിലുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകരായ കോളിന്‍സ് ഗോണ്‍സാലസും സൗരഭ് കൃപാലും വിലയിരുത്തി.
‘ടൂള്‍കിറ്റ്’ എന്ന പേരില്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ട രീതികള്‍ സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തിരുന്നു. ഈ ടൂള്‍ കിറ്റ് ദിശ എഡിറ്റ് ചെയ്തു സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ദിശയ്ക്ക് ഖലിസ്ഥാന്‍ ബന്ധവും പോലീസ് ആരോപിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്ന ‘ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് ദിശ. അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് 2 പേര്‍ക്കുകൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *