

വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിനെ എന്‍.എ.ബി.എച്ച് നിലവാരത്തിലുള്ള ആശുപത്രിയായി പ്രഖ്യാപനം നടത്തി. എസ്.എസ്.എന്‍ .എം സ്‌കൂള്‍ ഓഫ് നേഴ്‌സിങ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ റ്റിറ്റി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ: സുധാകരന്‍ (മാനേജിങ് ഡയറക്ടര്‍ ന്യൂ അലൈന്‍ മെഡിക്കല്‍ സെന്റര്‍, യു.എ.ഇ) ഹോസ്പിറ്റലിനെ എന്‍.എ.ബി.എച്ച് ആശുപത്രിയായി പ്രഖ്യാപിച്ചു.ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്ന ഹോസ്പിറ്റലില്‍ നിന്നും മെച്ചപ്പെട്ട സര്‍വീസ് രോഗികള്‍ക്ക് ലഭ്യമാകും എന്ന് പ്രഖ്യാപന ചടങ്ങില്‍ ഡോ: സുധാകരന്‍ പറഞ്ഞു ഹോസ്പിറ്റലില്‍ അടുത്തഘട്ട വികസനങ്ങള്‍ നടപ്പാക്കുന്നതിന്റെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും കാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ലാപ്രോസ്‌കോപ്പി സര്‍ജറി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓര്‍ത്തോപീഡിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി തുടങ്ങിയ പതിനേഴ് ക്ലിനിക്കില്‍ വിഭാഗങ്ങള്‍ക്കും, ഡയഗ്‌നോസ്റ്റിക്, ലബോറട്ടറി, ഫാര്‍മസി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍,ഫിസിയോതെറാപ്പി, സൈക്കോളജി എന്നീ സര്‍വീസുകള്‍ക്കുമാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നും അംഗീകാരം ലഭിച്ചത്. ഡോ:എസ്.കെ നിഷാദ് (മെഡിക്കല്‍ ഡയറക്ടര്‍) ഡോ:ശ്യാം.ഡി.ഗോപാല്‍,അനില്‍ തടാലില്‍ (കണ്‍വീനര്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി), ഡോ:കൃപ പ്രിന്‍സിപ്പള്‍ എസ്.എസ്.എന്‍.എം.എം കോളേജ് ഓഫ് നഴ്‌സിംഗ്), എസ്.സിന്ധു(നഴ്‌സിംഗ് സൂപ്രണ്ട്), ജ്യോതി ജോസഫ് (പ്രിന്‍സിപ്പള്‍, സ്‌കൂള്‍ ഓഫ് നഴ്‌സിങ് ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എന്‍.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്നതിന് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജീവനക്കാരായ റെജി വിഷ്ണു, രാഖി ഹരികുമാര്‍, സൈജു ടി.വി, അജിതകുമാരി, ജ്യോതിലക്ഷ്മി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി സ്വാഗതവും കെ.ജി ബിന്ദു നന്ദിയും പറഞ്ഞു.

