

മംഗലപുരം: അയൽവാസിയെ റെയിൽവേ ട്രാക്കിൽ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മുരുക്കുംപുഴ ചെറുകായൽകര മാടൻകാവ് ക്ഷേത്രത്തിന് സമീപം പുത്തൻവീട്ടിൽ പ്രഭാകരൻ്റെ മകൻ പ്രമോജ്(42) ആണ് ശിക്ഷിക്കപ്പെട്ട പ്രതി. പിഴ തുക മരിച്ച രാജുവിൻ്റ ഭാര്യയും കേസിലെ ഒന്നാം സാക്ഷിയുമായ സതിക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ്റെതാണ് ഉത്തരവ്.
2017 ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ മുൻപ് ദേഹോപദ്രവം ഏൽപ്പിച്ചതിൻ്റെ വിരോധം കാരണമാണ് അയൽവാസി കൂടിയായ രാജുവിനെ പ്രതി റെയിൽവേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയതെന്നാണ് പോലീസ് കേസ്.

പ്രതിഭാഗ വാദം മരണപ്പെട്ട രാജു ട്രാക്കിൽ മറിഞ്ഞ് വീണ് തല ഇടിച്ച് മരിച്ചു എന്നാണ്. എന്നാൽ സാക്ഷികളായ സതി, അബരീഷ് എന്നിവർ കോടതിയിൽ നൽകിയ മൊഴിയിൽ പ്രതി രാജുവിനെ തലയിൽ വെട്ടി പരിക്കേൽപ്പിക്കുന്നത് കണ്ടതായി മൊഴി നൽകി.
രാജുവിൻ്റെ മരണം സംഭവിച്ചത് തലക്കേറ്റ മാരകമായ പരുക്കുക ളാണ് എന്ന് ഫോറൻസിക് സർജൻ ഡോ.ഷാരിജ മൊഴി നൽകി യതും നിർണ്ണായകമായി. മംഗലാപുരം പോലീസിൽ അന്ന് സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ നെയ്യാറ്റിൻകര DYSP യുമായ എസ്. ഷാജി ആയിരുന്നു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വേണി. കെ ഹാജരയി. 28 സാക്ഷികൾ, 13 രേഖകൾ, 7 തൊണ്ടി മുതലുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി.



