Breaking News

കല്ലമ്പലത്ത് യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍

കല്ലമ്പലം: കല്ലമ്പലത്ത് യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കുടവൂര്‍ ഐരമണ്‍നില സ്വദേശികളായ പ്രദീപ്, അന്‍സാര്‍ എന്നിവരെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. ന്യൂ ഇയര്‍ രാത്രി ഒന്‍പത് മണിയോടെ കുടവൂര്‍ സ്വദേശികളായ നൗഫല്‍, മനു, മുഹമ്മദ്, വിഘ്നേഷ്, കൃഷ്ണപ്രസാദ് എന്നിവരെ പ്രദീപും അന്‍സാറും ഉള്‍പ്പെട്ട അഞ്ചംഗ സംഘം ആക്രമിച്ച് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. പ്രതികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. കുടവൂര്‍ ഡീസന്റ് മുക്ക് ഐരമണ്‍നില ശിവക്ഷേത്രത്തിന് സമീപം വച്ചായിരുന്നു സംഭവം. പ്രതികള്‍ നൗഫല്‍, മനു, മുഹമ്മദ്, വിഘ്നേഷ്, കൃഷ്ണപ്രസാദ് എന്നിവരെ മരക്കമ്പുകൊണ്ട് അടിച്ച് പരിക്കേല്‍പിച്ച ശേഷം വെട്ടുകത്തി കൊണ്ട് തലയിലും മുഖത്തും വാരിയെല്ലിനും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകിട്ട് ഞാറായിക്കോണത്തുള്ള ഒരു വീട്ടില്‍നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് വൈകിട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദീപ്, അന്‍സാര്‍ എന്നിവരെ കൂടാതെ കുടവൂര്‍ ഐരമണ്‍നില സ്വദേശിയായ സുരേഷ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കു നേരെ ചുമത്തിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *