Breaking News

മുരളീധരന്‍ സംസ്ഥാന വികസനം മുടക്ക് വകുപ്പ് മന്ത്രിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി വി,മുരളീധരന്‍ കേരള സംസ്ഥാന വികസനം മുടക്ക് വകുപ്പ് മന്ത്രിയെപ്പോലെയാണ് പെരുമാറുന്നതെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം. കേന്ദ്രസര്‍ക്കാരിന് കീഴില്‍ കേരളത്തിന്റെ വികസനം മുടക്കാന്‍ പ്രത്യേക വകുപ്പ് വല്ലതുമുണ്ടോയെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് വി.മുരളീധരന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹത്തിന് ഇവിടത്തെ ഗതാഗതക്കുരുക്കിനെ കുറിച്ചും വാഹനപ്പെരുപ്പത്തെ കുറിച്ചുമൊക്കെ നല്ല ധാരണയുള്ള ആളാണ്. എന്നിട്ടും സില്‍വര്‍ ലൈനിന് എതിരെ അദ്ദേഹം പരസ്യമായി നിലപാട് എടുത്തു. കേരളത്തിന്റെ വികസനം മുടക്കുന്നതും സംസ്ഥാനത്ത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായാല്‍ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ദേശീയപാത വികസനം മുടക്കാന്‍ മുരളീധരന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും നമുക്ക് അറിയാം-മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ആ പെന്‍ഷന്‍ തുക പോലും കേന്ദ്രഫണ്ട് ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വി.മുരളീധരന്‍ ശ്രമം നടത്തി. കേന്ദ്ര വിഹിതം 8000 കോടി വെട്ടിക്കുറപ്പോഴും അദ്ദേഹം സന്തോഷിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി അവര്‍ക്കുവേണ്ടി പ്രതികരിക്കുന്നതിന് പകരം അദ്ദേഹം സന്തോഷിക്കുകയാണ്-മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *