
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍ നിന്നും പോലീസില്‍ നിന്നുമാണ് എന്‍.ഐ.എ വിവരങ്ങള്‍ തേടിയത്. അതേസമയം, തീപിടിത്തം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ട്രെയിനിന് സമീപത്ത് കണ്ട ആളെ തിരിച്ചറിഞ്ഞതായി സൂചനകളുണ്ട്. റെയില്‍വേ ട്രാക്കിന് സമീപമുള്ള ഇന്ധന ഡിപ്പോയിലെ സി.സി.ടി.വി ക്യാമറയിലാണ് ഇയാള്‍ ട്രെയിനിന് സമീപത്തുകൂടി ഓടിപ്പോകുന്ന ദൃശ്യം ലഭിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചത്. ഒരു ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ ആരും തന്നെ ട്രെയിനില്‍ ഇല്ലാതിരുന്നതും തീപിടിച്ച ഉടന്‍ ആ ബോഗി മറ്റ് ബോഗികളില്‍നിന്ന് വേര്‍പെടുത്തിയതും കാരണം കൂടുതല്‍ അപകടം ഉണ്ടായില്ല. ഒരേ ട്രെയിനിന് തന്നെ രണ്ടുമാസ കാലയളവിനുള്ളില്‍ തീപിടിച്ചത് ദുരൂഹമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഒരു കോച്ച് മുഴുവന്‍ ഈ രീതിയില്‍ കത്തണമെങ്കില്‍ ഇന്ധനമോ സ്‌ഫോടക വസ്തുവോ ഉപയോഗിച്ചിട്ടുണ്ടാമെന്നാണ് പോര്‍ട്ടര്‍മാരും പറയുന്നത്.
