Breaking News

അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം മറവുചെയ്ത സംഭവം: പ്രതി കുഞ്ഞിന്റെ മാതാവ്; അറസ്റ്റ്

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം മറവുചെയ്ത സംഭവത്തില്‍ പ്രതി കുഞ്ഞിന്റെ മാതാവ്. പ്രതി അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചു കിണറ്റിന്‍മൂട് വീട്ടില്‍ ഫിലോമിന മകള്‍ ജൂലി(40)യെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുതെങ്ങ് മാമ്പള്ളി പള്ളിക്ക് പുറകുവശത്തെ തീരത്ത് കണ്ടെത്തിയത്.

ആദ്യം പാവയാണെന്ന് കരുതിയ മൃതദേഹം തെരുവ് പട്ടികള്‍ കടിച്ച് വലിച്ച് മാമ്പള്ളി നടവഴിയില്‍ കൊണ്ടിട്ടതോടെയാണ് അതൊരു നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ അഞ്ചുതെങ്ങ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതി അറസ്റ്റിലായത്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തമിഴ്‌നാട്ടിലെ കുളച്ചല്‍, കന്യാകുമാരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നടത്തിയ വ്യാപക അന്വേഷണം അഞ്ചുതെങ്ങ് പോലീസ് നടത്തിയിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജൂലിയിലേക്ക് എത്തിയത്. ജൂലിയെ പോലീസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ ക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ജൂലി സമീപകാലത്ത് പ്രസവിച്ചിട്ടുള്ളതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ 15 ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് വീട്ടില്‍ പ്രസവിച്ച ശേഷം കുഴികുത്തി കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തുവെന്ന് ഡോക്ടറോട് ജൂലി പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തി മറവ് ചെയ്‌തെന്ന് ജൂലി കുറ്റം സമ്മതിക്കുകയായിരുന്നു. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ്‌ മരണപ്പെട്ടിരുന്നു.

വിധവയായ പ്രതി ഗര്‍ഭിണിയായിരുന്ന സമയത്ത് ചികിത്സ തേടിയിരുന്നില്ല. പ്രസവിച്ച ഉടന്‍ തന്നെ നവജാത ശിശുവിനെ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തി മൃതദേഹം ഒരു ബക്കറ്റില്‍ സൂക്ഷിച്ച ശേഷം ആറ് മണിയോടെ വെട്ടുകത്തികൊണ്ട് വീടിനടുത്തുള്ള കക്കൂസിന് പുറകുവശത്ത് കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം തെരുവ് നായകള്‍ ഈ മൃതദേഹം കടിച്ചെടുത്ത് പുറത്തിടുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ജൂലിയുടെ കാമുകനെ പോലീസ് സ്‌റ്റേനിലേക്ക് വിളിച്ചുവരുത്തിചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *