

തൊടുപുഴ: കൊല ചെയ്തുവെന്ന് ഭാര്യ പറഞ്ഞ നൗഷാദിനെ ജീവനോടെ പോലീസ് കണ്ടെത്തി. തൊമ്മന്‍കുത്ത് ഭാഗത്ത് നിന്നാണ് പോലീസ് നൗഷാദിനെ കണ്ടെത്തിയത്. തുടര്‍ന്ന് നൗഷാദിനെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചു. 2021 ലാണ് നൗഷാദിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ കേസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ മൊഴി ആറ് മാസം മുമ്പാണ് പോലീസ് രേഖപ്പെടുത്തിയത്.

അഫ്‌സാനയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ബോധ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കിയപ്പോള്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞിരുന്നു. ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് കുടുംബ പ്രശ്‌നങ്ങള്‍ കാരണം നൗഷാദിനെ കൊലപ്പെടുത്തിയതെന്നാണ് അഫ്‌സാന പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് പോലീസ് അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവിടെനിന്നും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. ഈ സംഭവങ്ങള്‍ക്കിടെയാണ് നൗഷാദ് തൊമ്മന്‍കുത്ത് ഭാഗത്ത് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. നൗഷാദിനെ ഇന്നുതന്നെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും.

അതേസമയം, ഭാര്യയോടൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു. ഭാര്യ എന്തുകൊണ്ടാണ് തന്നെ കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയെന്ന് പോലീസിന് മൊഴി നല്‍കിയതെന്ന് അറിയില്ലെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുമായി ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞ നൗഷാദ് ഭാര്യയെ പേടിച്ചിട്ടാണ് മാറിനിന്നതെന്നും ഭാര്യ തന്നെ അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും വ്യക്തമാക്കി.
തന്റെ പേരില്‍ നാട്ടില്‍ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ യാതൊരു ബന്ധവും ഇല്ലായിരുന്നു. ഭാര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിരുന്നു-നൗഷാദ് പറഞ്ഞു. തൊമ്മന്‍ കുത്ത് ഭാഗത്ത് കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദ്.