

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യം നിറവേറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍. ഇന്ന് രാവിലെ 10.45 ഓടെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡില്‍ വന്നിറങ്ങിയെ മോദിയെ പ്രകാശ് ജാവദേക്കര്‍, ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി വമ്പന്‍ റോഡ് ഷോയും നടത്തി. അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.


പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ റോഡ് ഷോ നടക്കുന്ന റോഡിന് ഇരുവശവും ബി.ജെ.പി പ്രവര്‍ത്തകരെയും അനുഭാവികളെയും കൊണ്ട് നിറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് കോയമ്പത്തൂരില്‍ റോഡ് ഷോ നടത്തിയ മോദി അവിടെ നിന്നാണ് പാലക്കാട് എത്തിയത്. അതേസമയം, മോദിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തെ സോമാലിയ എന്ന് വിളിച്ചയാളാണ് മോദിയെന്ന് ജയറാം രമേശ് പ്രതികരിച്ചു. കേരളത്തിന്റെ പരിസ്ഥിതി ചൂഷണത്തെ മോദി പ്രോത്സാഹിപ്പിച്ചു. കോര്‍പ്പറേറ്റുകള്‍ക്കായി, വനം, പരിസ്ഥിതി നിയമങ്ങളില്‍ മോദി വെള്ളം ചേര്‍ത്തെന്നും ജയറാം രമേശ് ആരോപിച്ചു.



