

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം (സി.എ.എ) മുസ്ലിം മതവിഭാഗത്തിന് എതിരെന്ന് ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍. പൗരത്വ നിയമ ഭേദഗതി നിയമം ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തിന് എതിരാണെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം മാറേണ്ടി വരുമെന്നും ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ പറയുന്നു. സീനിയര്‍ അഭിഭാഷകന്‍ അഡ്വ.പി.വി.സുരേന്ദ്രനാഥാണ് സുപ്രീംകോടതിയില്‍ സബ്മിഷന്‍ എഴുതി നല്‍കിയത്. ഭരണഘടനയിലെ 14-ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


അതേസമയം, പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. സി.പി.എം, സി.പി.ഐ, മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്.



