2.20 കോടി രൂപ ചെലവിൽ വർക്കല നഗരസഭ നിർമിച്ച ‘വിമുക്തി’ ശ്മശാനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.


വർക്കല: വർക്കല നഗരസഭയുടെ ചിരകാല സ്വപ്നമായ പൊതുശ്മശാനം യാഥാർഥ്യമായി. നഗരസഭ നിർമിച്ച ആധുനിക വാതകശ്മശാനം — വിമുക്തി — വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നാടിനു സമർപ്പിച്ചു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീതമായി മുന്നേറുകയാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതും സാമൂഹ്യ ക്ഷേമ പദ്ധതികളെ ശക്തിപ്പെടുത്തുന്നതുമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. വർധിപ്പിച്ച പെൻഷനും മറ്റ് ആനുകൂല്യങ്ങളും നവംബർ ഒന്നുമുതൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

വർക്കല കണ്വാശ്രമം പ്രദേശത്ത് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്ന് നഗരസഭയുടെ 60 സെന്റ് സ്ഥലത്താണ് ശ്മശാനം നിർമിച്ചത്. 2.20 കോടി രൂപ ചെലവഴിച്ച് 455.89 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ സമുച്ചയം ഒരേസമയം രണ്ട് സംസ്കാരങ്ങൾ നടത്താനാകുന്ന ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനത്തോടെ സജ്ജീകരിച്ചിരിക്കുന്നു. പരമ്പരാഗത രീതികളെ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഗ്യാസ് ബർണർ സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്.

മലിനവാതകങ്ങൾ ഗണ്യമായി കുറയ്ക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉയരം കൂടിയ പുകക്കുഴൽ, ആധുനിക ബർണർ യൂണിറ്റ്, വൈദ്യുത-വാതക സുരക്ഷാ സംവിധാനങ്ങൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സംസ്കാരത്തിനു ശേഷം അസ്ഥിശേഖരണത്തി നുള്ള പ്രത്യേക സൗകര്യവും ഇവിടെയുണ്ട്. ഹാളിനുള്ളിൽ ഏകദേശം 500 പേർക്ക് ഒരേസമയം പങ്കെടുക്കാനാകുന്ന സംവിധാനവും വിശാലമായ പാർക്കിങ് സൗകര്യവും സിസിടിവി നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.
ഉദ്ഘാടനച്ചടങ്ങിൽ വർക്കല എം.എൽ.എ വി. ജോയി അധ്യക്ഷനായിരുന്നു. നഗരസഭാ ചെയർമാൻ കെ.എം. ലാജി സ്വാഗതം ചെയ്തു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, കൗൺസിലർമാർ, സെക്രട്ടറി ജി. മിത്രൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ.വി. സന്തോഷ്കുമാർ, ക്ലീൻസിറ്റി മാനേജർ പ്രകാശ്, അസിസ്റ്റന്റ് എൻജിനിയർ എം.ടി. രശ്മി, സൂപ്രണ്ടുമാരായ രാജേഷ്, ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
