

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയിലെ ഗ്രാമത്തുംമുക്കില്‍ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5,42,000 രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു സ്വാഗതം പറഞ്ഞു. മണ്ഡലത്തില്‍ ആകെ അനുവദിച്ച 26 ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റുകളില്‍ 10 പ്രവര്‍ത്തനസജ്ജമായി ഉദ്ഘാടനം കഴിഞ്ഞെന്നും ബാക്കിയുള്ളവ വരുംദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും എംഎല്‍എ പറഞ്ഞു.

ഏറെക്കാലം നഗരസഭയിലെ കൗണ്‍സിലറായിരുന്ന ജി.ബാബുവിനെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ നഗരസഭ മുന്‍ ചെയര്‍മാന്‍ എം.പ്രദീപ്,നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.നജാം, കൗണ്‍സിലര്‍മാരായ രാജഗോപാലന്‍ പോറ്റി, താഹിര്‍, എം.മുരളി, ചന്ദ്രബോസ്, ഹരിഹരന്‍ പോറ്റി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


