

കൊച്ചി: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.കെ.കണ്ണന് പ്രതിനിധികള്‍ വഴി സ്വത്ത് വിവരങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കി. തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി നല്കിയ സമയപരിധി ഇന്ന് അവസാനിക്കാനാരിക്കെയാണ് കണ്ണന് നേരിട്ട് എത്താതെ പ്രതിനിധികള്‍ വഴി രേഖകള്‍ ഇ.ഡി ഓഫീസില്‍ ഹാജരാക്കിയത്. ആദായ നികുതി രേഖകള്‍, സ്വയാര്‍ജിത സ്വത്തുക്കള്‍, കുടുംബാഗങ്ങളുടെ ആസ്തി വകകള്‍ എന്നിവയെല്ലാം ഹാജരാക്കണമെന്നായിരുന്നു ഇ.ഡിയുടെ നിര്‍ദേശം. മുമ്പ് രണ്ട് തവണ ഇക്കാര്യം ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കണ്ണന് രേഖകള്‍ ഹാജരാക്കിയിരുന്നില്ല.

മൂന്നാം തവണയും രേഖകള്‍ സമര്പ്പിക്കാതെയിരുന്നാല് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന് കരുവന്നൂരിലെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇ.ഡി. എം.കെ.കണ്ണന് പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകള്‍ ഈ ബാങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടാന്‍ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
