

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരാതി നല്‍കി. മാസപ്പടി വിവാദം കേസെടുത്ത് അന്വേഷണിക്കണമെന്ന ആവശ്യം ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടാണ് പരാതി നല്‍കിയത്. മാസപ്പടി വെറും ഒരു ആരോപണമല്ലെന്നും വന്‍ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അഴിമതി നിരോധന വകുപ്പ് പ്രകാരം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാറിന് നേരിട്ട് സമര്‍പ്പിച്ചെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

മാസപ്പടി വിവാദത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയതിനെ രണ്ടാംഘട്ട പോരാട്ടമെന്നാണ് മാത്യു കുഴല്‍നാടന്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പി.വി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്ക് പിണറായി അടക്കം മറുപടി നല്‍കിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സി.എം.ആര്‍.എല്‍ സി.ഇ.ഒയുടെ മൊഴി മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കണ്ടെത്തലുകള്‍ സാധൂകരിക്കുന്നതാണ്. പി.വി എന്ന ചുരുക്കപ്പേരിന് അപ്പുറം വീണ വിജയന്റെ പിതാവെന്ന് കൂടി രേഖകളില്‍ പറയുന്നുണ്ട്-മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സിന് മുന്നില്‍ ഒരു നിയമസഭാ സാമാജികന്‍ തന്നെ പരാതി നല്‍കിയതോടെ മാസപ്പടി വിവാദം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നത് ഉറപ്പാണ്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ഉത്തരവ് വാര്‍ത്തയായതു മുതല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ അതിശക്തമായ നിലപാടുകളാണ് മാത്യു കുഴല്‍നാടന്‍ സ്വീകരിച്ചത്. നിയമസഭക്ക് അകത്തും പുറത്തും മാത്യു കുഴല്‍നാടന്‍ പിണറായിക്കും സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ ആഞ്ഞടിച്ചു. മാസപ്പടി വിഷയത്തില്‍ പിണറായിയുടെ പത്രസമ്മേളനത്തോടെ കൊടുങ്കാറ്റടങ്ങിയെന്ന് ആശ്വസിച്ച സര്‍ക്കാരിനും സി.പി.എമ്മിനും മാത്യു കുഴല്‍നാടന്റെ പരാതി പുതിയ തലവേദന സൃഷ്ടിക്കുകയാണ്.