Breaking News

ഗുരുദേവന്‍ നാടിന് വെളിച്ചം പകര്‍ന്ന മഹദ് വ്യക്തിത്വമെന്ന് മന്ത്രി സജി ചെറിയാന്‍

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്‍ സമൂഹത്തിന് വെളിച്ചം പകര്‍ന്ന മഹദ് വ്യക്തിത്വമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മണിക്ക് വര്‍ക്കല ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദ വചനം ഉദ്ധരിച്ചായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍. ഭ്രാന്താലയ തുല്യമായിരുന്ന നാടിനെ ഇത് മനുഷ്യാലയമാക്കി ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ തക്കവണ്ണം പ്രാപ്തമാക്കിയ മഹദ് വ്യക്തിത്വങ്ങളില്‍ ഏറ്റവും പ്രധാനി ശ്രീനാരായണ ഗുരുദേവനാണ്. കേരള സമൂഹത്തിന് ഗുരുദേവന്റെ സംഭാവനകള്‍ ഒഴിച്ചുനിര്‍ത്തി കേരളത്തെ മനസിലാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

സമീപകാലത്ത് ദേവസ്വം ബോര്‍ഡ് മന്ത്രിക്ക് ജാതിയുടെ പേരില്‍ ക്ഷേത്ര പൂജാരിയില്‍നിന്ന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയ ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമിയെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. ശിവഗിരിയിലെ സന്ന്യാസിമാര്‍ സമകാലീന വിഷയങ്ങളെ വിലയിരുത്തുന്നവരും ഫലപ്രദമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരുമാണെന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് സജി ചെറിയാന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മനസിന്റെ ശുദ്ധിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മനസ് ശുദ്ധമല്ലെങ്കില്‍ ശരീരവും അശുദ്ധമാകും. അതുപോലെ തന്നെയാണ് കര്‍മ്മ ശുദ്ധിയും. സമാധിയെന്നത് ഒരു മഹാലയനമാണ്. അത് സാധ്യമാകുന്നത് കര്‍മ്മ ശുദ്ധിയിലൂടെയാണ്. നാം വലിച്ചെറിഞ്ഞ ജാതി ചിന്തകള്‍ തിരിച്ചുവരുന്നതിനെ നമ്മള്‍ ചെറുത്തുതോല്‍പിച്ചേ മതിയാകൂവെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ച സമ്മേളന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞു. ഗുരുസ്മരണ നടത്തി സംസാരിച്ച ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഭദ്രദീപ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. ധര്‍മ്മസംഘം ട്രസ്റ്റ് ശാരദാനന്ദ സ്വാമികള്‍, ബോര്‍ഡ് മെമ്പര്‍ സൂക്ഷ്മാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഗുരുദേവന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച യുഗപുരുഷന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ഡോ.എ.വി.അനൂപിനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ, മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി ബോധിതീര്‍ത്ഥ സ്വാമികള്‍ കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *