

വര്‍ക്കല: അനാചാരങ്ങളോട് മൃദുസമീപനം അരുതെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍. കേരളത്തില്‍ ഇന്നും അയിത്തചിന്തകള്‍ നിലനിര്‍ക്കുന്നതിന് കാരണം എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ മൃദുസമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍.

സമീപകാലത്ത് ദേവസ്വം വകുപ്പ് മന്ത്രിക്ക് ജാതിയുടെ പേരില്‍ ക്ഷേത്ര പൂജാരിയില്‍നിന്ന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ അയിത്ത ചിന്തകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഇതിനെ ചെറുത്ത് തോല്‍പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്-ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരെ മാറി മാറി കേരളം ഭരിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ സ്വീകരിച്ച നിലപാടുകളാണ് ഇന്നും കേരളത്തില്‍ അയിത്ത ചിന്തകള്‍ നിലനില്‍ക്കാന്‍ കാരണം. ആറ് മാസം മുമ്പുണ്ടായ ദുരനുഭവം ദേവസ്വം മന്ത്രി അന്നുതന്നെ തുറന്ന് പറയേണ്ടതായിരുന്നുവെന്നും കേരള ജനത അക്കാര്യത്തില്‍ പ്രതികരിക്കുകയും വേണമായിരുന്നു-ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ വ്യക്തമാക്കി. അയിത്താചരണം നടത്തിയ പുരോഹിതനെ ആ ജോലിയില്‍നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 10 മണിക്ക് വര്‍ക്കല ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞു. ഗുരുസ്മരണ നടത്തി സംസാരിച്ച ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഭദ്രദീപ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ശാരദാനന്ദ സ്വാമികള്‍, ബോര്‍ഡ് മെമ്പര്‍ സൂക്ഷ്മാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഗുരുദേവന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച യുഗപുരുഷന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ഡോ.എ.വി.അനൂപിനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ, മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി ബോധിതീര്‍ത്ഥ സ്വാമികള്‍ കൃതജ്ഞത രേഖപ്പെടുത്തി.