

വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മതവും സംഘനടനാ ശക്തിയും മനുഷ്യന്റെ നന്മയ്ക്കെന്ന സന്ദേശമാണ് ഗുരുദേവന് മുന്നോട്ടുവച്ചതെന്നും എന്നാല്‍ ഇന്ന് ചിലര്‍ മതവും സംഘടന ശക്തിയും നാടിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവന്റെ ആശയങ്ങളും അദ്ദേഹം സമൂഹത്തില്‍ നടത്തിയ നവോത്ഥാന ഇടപെടലുകളും കേരളത്തിന്റെ സമസ്ത മേഖലയിലുമുള്ള വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജാതി സമ്പ്രദായ വ്യവസ്ഥയില്‍ ഉച്ചനീചത്വങ്ങള്‍ അനുഭവിച്ചിരുന്ന ഒരു ജനതയ്ക്ക് വളരെയേറെ പ്രയോജനം ചെയ്തു. സംഘടിത പ്രസ്ഥാനങ്ങളിലൂടെയാണ് കേരളത്തിലെ അധഃസ്ഥിത ജനത പുരോഗതി പ്രാപിച്ചത്. അത്തരം സംഘടിത പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതില്‍ ഗുരുദേവന്റെ സംഘടിച്ച് ശക്തരാകുവിന് എന്ന ദര്‍ശനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍, വൈക്കം സത്യാഗ്രഹം, പുന്നപ്ര-വയലാര്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഗുരുദേവന്റെ ആശയങ്ങളും ദര്‍ശനങ്ങളും പ്രചോദനമായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ജന്മിതത്തിനെതിരായ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമം ഉള്‍പ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തില്‍ നടപ്പിലായത് ഇതുപോലുള്ള നവോത്ഥാന പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ബാക്കിപത്രമായാണ്. ഇതിനൊക്കെ ഗുരുദേവന്റെ ദര്ശങ്ങള് പ്രചോദനമായിട്ടുണ്ട്-മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീമദ് അസംഗാനന്ദഗിരി സ്വാമികള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.സിദ്ദിക് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അരുവിപ്പുറം ക്ഷേത്രത്തിന്റെയും മഠത്തിന്റെയും സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. എ.എ.റഹിം എം.പി, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കോണ്‍ഗ്രസ് നേതാവ് അഡ്വ.എം.ലിജു എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ചരിത്ര ഗവേഷകനായ ജി.പ്രിയദര്ശന്, ഡോ.അജയ് ശേഖര്‍, യു.എ.ഇ ഗുരുധര്‍മ്മ പ്രചരണ സഭ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രാമകൃഷ്ണന്, ബഹറിന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റ് ചെയര്മാന് സുനീഷ് സുശീലന്, ബഹറിന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്മാന് സനീഷ്.കെ.പി, ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ്, സതീഷ് പ്രഭ, പന്തളം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് സിനില്‍ മുണ്ടപ്പിള്ളി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ശ്രീമദ് ശങ്കരാനന്ദ സ്വാമികള്‍ കൃതജ്ഞത രേഖപ്പെടുത്തി.
