Breaking News

പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു

‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി’

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, സ്റ്റേഷൻ കമാൻഡർ, വിവിധ യൂണിറ്റുകളിലെ കമാൻഡിംഗ് ഓഫീസർമാർ, മദ്രാസ് റെജിമെന്റിലെയും ഗർവാൾ റെജിമെന്റിലെയും സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ച മന്ത്രി, ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതായി പറഞ്ഞു. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ ഉൽപ്പാദനം ഉൾപ്പെടെ എല്ലാ മേഖലകളിലും ‘ആത്മനിർഭർ ഭാരത്’ ആശയം ശക്തമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

2047ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കാനായി രാജ്യം മുന്നേറുകയാണെന്നും ദുരന്ത ഘട്ടങ്ങളിൽ സേന നൽകുന്ന സേവനങ്ങൾ രാജ്യത്തോടുള്ള സമർപ്പണത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരയിലും ജലത്തിലും ഒരുപോലെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഏക ഫോർമേഷനാണ് പാങ്ങോട് സൈനിക കേന്ദ്രമെന്നും അത് പ്രചോദനാത്മകമാണെന്നും മന്ത്രി പറഞ്ഞു.

ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സേന സ്വയം സജ്ജമാകുകയാണെന്നും പരമ്പരാഗത യുദ്ധം, ഹൈബ്രിഡ് യുദ്ധം, സമുദ്ര-തീരദേശ സുരക്ഷാ വെല്ലുവിളികൾ എന്നിവയിൽ പ്രതിരോധ ശേഷി നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സന്ദർശനത്തിനിടെ മദ്രാസ് റെജിമെന്റിന്റെ ആംബിബിയസ് പ്രകടനത്തിനും മന്ത്രി സാക്ഷ്യം വഹിച്ചു. സൈനികരുടെ പ്രവർത്തനങ്ങളും സാങ്കേതിക കഴിവുകളും സ്റ്റേഷൻ കമാൻഡർ വിശദീകരിച്ചു. വെള്ളത്തിലും കരയിലും ഒരുപോലെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സൈനികരുടെ കഴിവ് അവരുടെ ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിഫലനമാണെന്നും അധികൃതർ വ്യക്തമാക്കി.രാജ്യത്തിനായി കൂടുതൽ ഫലപ്രദമായി സേവനം ചെയ്യാൻ സൈനികർക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പ്രതിരോധ സഹമന്ത്രി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *