Breaking News

ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ അനധികൃതമായാണ് ജോലി ചെയ്തിരുന്നതെന്നും അതാണ് പുറത്താക്കിയതിന് കാരണമെന്നും മന്ത്രി പറഞ്ഞു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവര്‍ ജോലി ചെയ്തത്. ഇത്രയും നാള്‍ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കില്‍ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി. ഈ വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പും വിശദീകരണവുമായി രംഗത്തെത്തി.

പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവില്‍ ലിജിമോള്‍ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സജിമോളാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി.

എന്നാല്‍ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. അത് ശരിയായ നടപടിയല്ലാത്തതിനാല്‍ യഥാര്‍ത്ഥ ആള്‍ തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ലിജിമോള്‍ക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോള്‍ വരുന്നതിന് മുന്‍പ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി ഡയറക്ടര്‍ പരിശോധിച്ചതെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേസമയം, വിവാദ വാര്‍ത്ത പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ കരിവാരിത്തേക്കാനാണെന്ന ആരോപണവുമായി മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. ആരെയെങ്കിലും പുകഴ്ത്തിയതിന്റെ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത നിര്‍മിതി ഇനിയുമുണ്ടാകുമെന്നും വ്യക്തമാക്കി. മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നും കേരളത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം വന്നപ്പോള്‍ മാധ്യമങ്ങള്‍ അത് പറയാതെ കേന്ദ്ര സര്‍ക്കാരിന് പരിച തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *