

ദില്ലി: ‘ഇന്ത്യ’ മുന്നണിയില്‍ കല്ലുകടി. ബംഗാളില്‍ ഇടഞ്ഞ് മമത. പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലാണ് മമത ‘ഇന്ത്യ’ മുന്നണിയുമായി ഇടയുന്നത്. സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനര്‍ജി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം. ദില്ലിയില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ ഇതേ തര്‍ക്കമുണ്ടായിരുന്നു. അക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനിടെയാണ് ഇപ്പോള്‍ ബംഗാളിലും ഭിന്നത ഉടലെടുത്തിരിക്കുന്നത്. ‘ഇന്ത്യ’ സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത പ്രകടമായതെന്നത് ശ്രദ്ധേയമാണ്.

നേരത്തെ, ഇന്ത്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ദില്ലിയില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മിലുള്ള പോര് പുറത്തുവന്നത്. ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി അല്‍ക്ക ലാംബ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് ലോക്സഭാ മുന്നൊരുക്ക ചര്‍ച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ എഐസിസിയും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.


