

വർക്കല ഹെലിപ്പാടിന് അടുത്തുള്ള സ്വകാര്യ റിസോർട്ടിൽ മിലിട്ടറി ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോളിഡേ ബീച്ച് റിസോർട്ടിൽ മുറി വാടകയ്ക്ക് എടുത്ത ആയൂർ വാളകത്ത് കമ്പംകോട് ദീപം വീട്ടിൽ ദീപുവിനെയാണ് (38) കഴിഞ്ഞദിവസം വൈകുന്നേരം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ടു ആൺകുട്ടികളുമടങ്ങിയ കുടുംബവുമായി ഇദ്ദേഹം അകന്നു കഴിഞ്ഞു വരികയായിരുന്നു. ഇതിനിടയിൽ ദീപു കരുനാഗപ്പള്ളി സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയെ ഗുരുവായൂരിൽ വച്ചു വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ പെൺകുട്ടി നാല് മാസം ഗർഭിണിയുമാണ്.
കുടുംബപ്രശ്നങ്ങൾ കാരണമാവാം ദീപു ആത്മഹത്യ ചെയ്തതതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമികവിവരം. റൂമിനുള്ളിൽ നിന്നും മദ്യകുപ്പിയും വിഷവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

