Breaking News

ന്നാ പിന്നെ, കേസെടുത്തോ; പോരാടാനുറച്ച് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: തനിക്കെതിരായ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ വേട്ടയാടപ്പെടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണ്. അതില്‍ തനിക്ക് ഭയമൊന്നുമില്ല. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെക്കില്ല. ഇനിയങ്ങോട്ട് യുദ്ധം. വിജിലന്‍സ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകും-അദ്ദേഹം വിശദീകരിച്ചു. പൊതുസമൂഹം തനിക്കൊപ്പമുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ചതോടെയാണ് സി.പി.എം മാത്യു കുഴല്‍നാടനെതിരെ രംഗത്തുവന്നത്. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തിയാണ് മാത്യു കുഴല്‍നാടനെതിരെ കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തി എന്ന തരത്തില്‍ ആരോപണം ഉന്നയിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ മറ്റുള്ള എല്ലാവരെയും കുറ്റപ്പെടുത്തുന്ന ആളാണ് മാത്യു കുഴല്‍നാടനെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചിരുന്നു.

സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നല്‍കിയ പരാതിയിലാണ് മാത്യുവിനെ ലക്ഷ്യമിട്ടുള്ള വിജിലന്‍സ് അന്വേഷണ നീക്കം. അഭിഭാഷകനെന്ന നിലയില്‍ മാത്യുവിന്റെ വരുമാനത്തില്‍ സിപിഎം സംശയം ഉന്നയിച്ചിരുന്നു. 12 വര്‍ഷം കൊണ്ട് 23 കോടിയോളം രൂപ വരുമാനം ലഭിച്ചുവെന്ന കണക്കിലാണ് സംശയം. 2021 ല്‍ രാജകുമാരിയില്‍ റിസോര്‍ട്ടും വസ്തുവും വാങ്ങിയതിന് കാണിച്ച കണക്കിലും ദുരൂഹത ആരോപിക്കുന്നു. 1.92 കോടി വിലയായി കാണിച്ചതിന്റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മൂല്യം മൂന്നരക്കോടിയെന്ന് കാണിച്ചുവെന്നാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *