Breaking News

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റി; പുതിയ വിവാദം

ദില്ലി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി പുതിയ വിവാദത്തിന് വഴിയൊരുക്കി. പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പുതിയ പേര്. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മ്യൂസിയത്തിനും ലൈബ്രറിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മ്യൂസിയത്തില്‍ എല്ലാ പ്രധാനമന്ത്രിമാരുടെയും പേര് ഉള്‍ക്കൊള്ളിക്കുകയാണ് നരേന്ദ്രമോദി ചെയ്യുയ്തതെന്ന് ബി.ജെ.പി പ്രതികരിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനവും ഉയരുകയാണ്. നെഹ്‌റുവിന്റെ പൈതൃകത്തെ നശിപ്പിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. മോദിയെ നയിക്കുന്നത് ഭയവും അരക്ഷിതാവസ്ഥയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച ആദ്യ പ്രധാനമന്ത്രിയോടുള്ള വെറുപ്പാണ് നടപടിക്ക് കാരണമെന്നായിരുന്നു മാണിക്കം ടാഗോര്‍ എംപിയുടെ പ്രതികരണം. നെഹ്‌റുവിന്റെ പേരിനെ തന്നെ ബി.ജെ.പി ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു.

അതേസമയം, കോണ്‍ഗ്രസിന് നെഹ്‌റുവിനെയും കുടുംബത്തെയും കുറിച്ച് മാത്രമെ ചിന്തയുള്ളുവെന്ന് ബി.ജെ.പി പ്രതികരിച്ചു. എല്ലാ പ്രധാനമന്ത്രിമാര്‍ക്കും മ്യൂസിയത്തില്‍ ഇടംനല്‍കുകയാണ് മോദി ചെയ്യുന്നതെന്നും ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഒരിക്കല്‍ ബ്രിട്ടീഷ് സേനാതലവന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജവര്‍ഹലാല്‍ നെഹ്‌റു പതിനാറ് വര്‍ഷം താമസിച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ സ്മാരകത്തിലുള്ളത് രാജ്യത്തെ മികച്ച ലൈബ്രറികളില്‍ ഒന്നാണ്. എല്ലാ പ്രധാനമന്ത്രിമാരുടെയും ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ തുടങ്ങിയ ശേഷമാണ് സ്ഥാപനത്തിന്റെ പേര് തന്നെ ഇപ്പോള്‍ കേന്ദ്രം മാറ്റി എഴുതിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *