

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ കേസെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ ആം ആദ്മി പാര്‍ട്ടിക്കു (എ.എ.പി) ഗുണം ലഭിച്ചെങ്കില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്കെതിരെ കുറ്റം ചുമത്താത്തതെന്നായിരുന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ ഇ.ഡി ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. ഡല്‍ഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളില്‍ ജാമ്യം തേടി എ.എ.പി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കള്ളപ്പണം വെളുപ്പിച്ചതുവഴി പാര്‍ട്ടിക്ക് ഗുണം ലഭിച്ചെങ്കില്‍ പാര്‍ട്ടിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഇ.ഡിയോട് ചോദിച്ചത്. ഇതോടെ ആം ആദ്മി പാര്‍ട്ടിക്ക് കുറ്റം ചുമത്തുന്നതിനായി ഇ.ഡി നീക്കം തുടങ്ങി. കള്ളപ്പണം വെളുപ്പിച്ച പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ഇഡി കോടതിയില്‍ ആരോപിച്ചു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ഇതില്‍ ഇ.ഡിയുടെ മറുപടി തേടിയുള്ള വാദം തുടരുകയാണ്. അതേസമയം, സുപ്രീംകോടതിയുടെ ചോദ്യം ന്യായമാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കാനല്ലെന്നും കോടതി വ്യക്തത വരുത്തി.

ഡല്‍ഹി മദ്യനയ കേസില്‍ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം മാര്‍ച്ച് ഒന്‍പതിന് അതേ കേസില്‍ മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടര്‍ന്ന് മദ്യനയം സര്‍ക്കാരിനു പിന്‍വലിക്കേണ്ടി വന്നു. മദ്യനയ രൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12% ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തിയിരുന്നു.