

ആറ്റിങ്ങൽ : കച്ചേരി ജങ്ഷന് സമീപം ബി.ടി.എസ്. റോഡിൽ പ്രവർത്തിച്ചിരുന്ന കടകളിൽ വെള്ളിയാഴ്ച പുലർച്ചെ തീപ്പിടിത്തമുണ്ടായി. ആറ്റിങ്ങൽ പാർവതീപുരം ഗ്രാമം എസ്.കെ.ഭവനിൽ എസ്.ബേബിയുടെ ഉടമസ്ഥതയിലുള്ള പഴയകെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ബേബിയുടെ ഭർത്താവ് ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള മധുര അലുമിനിയം സ്റ്റോർ, മകൾ സുനിതയുടെ മകൾ ശ്വേത നടത്തുന്ന ശ്രീനാരായണ എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലാണ് തീപടർന്നത്. കടകൾക്കുള്ളിലുണ്ടായിരുന്ന സാധനങ്ങളിൽ ഭൂരിഭാഗവും കത്തിനശിച്ചു. 40 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഉടമകൾ പറയുന്നു.. അഗ്നിരക്ഷാസേനയുടെ ആറു നിലയങ്ങളിൽ നിന്നുള്ള 10 യൂണിറ്റ് നാലരമണിക്കൂറിലധികം പരിശ്രമിച്ചാണ് തീയണച്ചത്. കടയ്ക്കുള്ളിൽനിന്നു ഇടയ്ക്കിടെ തീ കത്താൻ തുടങ്ങിയതിനെത്തുടർന്ന് ഒരു യൂണിറ്റ് വൈകുന്നേരം വരെ സംഭവസ്ഥലത്ത് തന്നെ തുടർന്ന് തീ കെടുത്തിക്കൊണ്ടിരുന്നു. തീപ്പിടിത്തമുണ്ടായ കെട്ടിടം ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്. ഇരുനിലക്കെട്ടിടത്തിന്റെ മച്ചും മേൽക്കൂരയും വാതിലുകളുമെല്ലാം തടികൊണ്ടുള്ളവയായിരുന്നു. വെട്ടുകല്ല് കൊണ്ടുള്ള ഭിത്തിയിൽ ശക്തിയോടെ വെള്ളം വീണതോടെ ഇത് തകർന്ന് വീഴാൻ തുടങ്ങി. ഇതേത്തുടർന്ന് റോഡരികിലുള്ള കെട്ടിടം കൂടുതൽ അപകടഭീഷണി ഉയർത്തി. അധികൃതരുടെ നിർദ്ദേശപ്രകാരം ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചശേഷം കട പിന്നീട് മണ്ണ്മാന്തി ഉപയോഗിച്ച് പൊളിച്ച് നീക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ പരിശോധനയിൽ മാത്രമേ കാരണമെന്തെന്ന് വ്യക്തമാകൂ. നാല് മുറികളുള്ള കെട്ടിടത്തിന് 1600 ചതുരശ്രയടി വിസ്തൃതിയുണ്ട്. മൂന്ന് മുറികളിലായാണ് മധുര അലുമിനിയം സ്റ്റോർ പ്രവർത്തിച്ചിരുന്നത്. ഈ മുറികളിൽ അലുമിനിയം സ്റ്റീൽ പാത്രങ്ങളും വിളക്കുകളുൾപ്പെടെയുള്ള ഓട്ടുപാത്രങ്ങളുമാണ് ഉണ്ടായിരുന്നത്. ഒരുമുറിയിൽ പ്രവർത്തിച്ചിരുന്ന ശ്രീനാരായണ എന്റർപ്രൈസസിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്പോസിബിൾ പാത്രങ്ങളുടെ ശേഖരവുമുണ്ടായിരുന്നു. ഇതിനുള്ളിൽ 5 ലിറ്ററിന്റെ കന്നാസുകളിൽ വില്പനയ്ക്കായി സാനിറ്റൈസർ സൂക്ഷിച്ചിരുന്നു. കൂടാതെ തുണികൊണ്ടുള്ള ഉത്പന്നങ്ങളുമുണ്ടായിരുന്നു. തീപിടിച്ച കടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ രണ്ട് വസ്ത്രവ്യാപാരശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടമുൾപ്പെടെയുള്ള സമീപകെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് അഗ്നിരക്ഷാസേന ആദ്യം നടത്തിയത്. തീ നിയന്ത്രിച്ചശേഷം കടയ്ക്കുള്ളിലുണ്ടായിരുന്ന സാനിറ്റൈസർ കന്നാസുകളിൽ ഭൂരിഭാഗവും സേനാംഗങ്ങൾ എടുത്തുമാറ്റിയതിനാൽ തീ പടർന്നില്ല.
വെളുപ്പിന് 4.25-ന് ദേശീയപാതയിലെ ഒരുവൈദ്യുതത്തൂണ് അജ്ഞാതവാഹനമിടിച്ച് തകർത്തു. ഇതേത്തുടർന്ന് പ്രദേശത്തെ വൈദ്യുത വിതരണം നിലച്ചിരുന്നു. 4.30 ഓടെ ബി.ടി.എസ്.റോഡിലൂടെ നടന്ന് പോയവരാണ് കടയിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഇവരാണ് സമീപത്തെ വീട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്. ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.സുനീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.