Breaking News

ആറ് നിലയങ്ങളിൽ നിന്ന് 10 യൂണിറ്റ് എത്തി…നാലരമണിക്കൂർ നീണ്ട പരിശ്രമം

ആറ്റിങ്ങൽ : കച്ചേരി ജങ്ഷനിലെ കടകളിൽ പടർന്ന തീയണയ്ക്കാൻ അഗ്നിരക്ഷാസേന നടത്തിയത് നാലരമണിക്കൂർ നീണ്ട വലിയ പരിശ്രമം. ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട്, നാവായിക്കുളം, കഴക്കൂട്ടം, ചാക്ക എന്നീ ആറ് നിലയങ്ങളിൽനിന്നുള്ള പത്ത് യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രിച്ചത്.

വെള്ളിയാഴ്ച വെളുപ്പിന് 4.35 നാണ് ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ തീയണയ്ക്കാനുള്ള സംവിധാനങ്ങളുമായി സേന കച്ചേരിനടയിലെത്തി. തീപടരുന്ന രീതി കണ്ടതോടെ കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെത്തിച്ചു. സമീപകെട്ടിടങ്ങളിലേക്ക്‌ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയത്. തൊട്ടടുത്ത് വസ്ത്രവ്യാപാരശാലകൾ പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് വീടുകളുമുണ്ട്. ചുറ്റിനും വെള്ളമൊഴിച്ച് സമീപത്തേയ്ക്ക് തീ പടരുന്നത്‌ തടഞ്ഞുകൊണ്ടാണ് പ്രവർത്തനം മുന്നേറിയത്.

പഴയകെട്ടിടമായതിനാലും ഉള്ളിൽ നിറയെ സാധനങ്ങളുണ്ടായിരുന്നതിനാലും അകത്തേയ്ക്ക് കടക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. മാത്രമല്ല വെട്ടുകല്ല്‌കൊണ്ട് നിർമിച്ച ഭിത്തികൾ ഏതുനിമിഷവും പൊളിഞ്ഞുവീഴാമെന്നതും അപകടസാധ്യത വർദ്ധിപ്പിച്ചു. എങ്കിലും തീ നിയന്ത്രണവിധേയമാക്കിക്കൊണ്ട് സാനിറ്റൈസർ നിറച്ച കന്നാസുകൾ കടയ്ക്കുള്ളിൽ നിന്നെടുത്തുമാറ്റിയും സാധനങ്ങൾ വലിച്ച് പുറത്തിട്ടും തീയണയ്ക്കാനുളള ശ്രമം നടത്തി. സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിൽ കയറിയും വാഹനങ്ങൾക്ക് മുകളിൽ കയറിയും വെള്ളം പമ്പ് ചെയ്ത് നാലരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. പിന്നീടും കടയ്ക്കുള്ളിലെ തടികളിലും സാധനങ്ങളിലും തീ കത്താൻ തുടങ്ങിയതിനെത്തുടർന്ന് ഒരു യൂണിറ്റ് വൈകുന്നേരം വരെ സ്ഥലത്ത് തുടർന്ന് തീ കത്തുമ്പോൾത്തന്നെ കെടുത്തിക്കൊണ്ടിരുന്നു.

തിരുവനന്തപുരം ജില്ലാ ഫയർ ഓഫീസർ എം.എസ്.സുവിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റൻറ്‌ സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ള, ഗ്രേഡ് അസിസ്റ്റൻറ്‌ സ്‌റ്റേഷൻ ഓഫീസർ രാജേന്ദ്രൻനായർ, വർക്കല അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുൾപ്പെടെ അമ്പതോളം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *