

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം അജ്ഞാതവാഹനമിടിച്ച് വൈദ്യുതത്തൂൺ തകർന്നു. വെള്ളിയാഴ്ച വെളുപ്പിന് 4.25 ഓടെയാണ് സംഭവം.
തകർന്ന തൂൺ കെ.എസ്.ഇ.ബി. അധികൃതർ ഉച്ചയോടെ മാറ്റിയിട്ടു. തൂണിനും അനുബന്ധ ഉപകരണങ്ങൾക്കുമുൾപ്പെടെ 60,000 രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറയുന്നു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വാഹനമിടിച്ച് തൂണ് തകർന്നിട്ടുണ്ടെങ്കിലും വാഹനത്തിന്റെ ചില്ലുകളൊന്നും തകർന്നതിന്റെ സൂചനയും സമീപത്തൊന്നുമില്ല. കൂറ്റൻലോറികളോ മണ്ണുമാന്തിയോ പോലുള്ള എന്തെങ്കിലും ഇടിച്ചിരിക്കാനുള്ള സാധ്യതയാണ് അധികൃതർ പരിശോധിക്കുന്നത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വാഹനത്തെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.