Breaking News

മാർഷൽ ഓഫ് ദ എയർ ഫോഴ്‌സ് അർജൻ സിങ് മെമ്മോറിയൽ ഹോക്കി ടൂർണമെന്റ്: ഇന്ത്യൻ വ്യോമസേനയ്ക്ക് കിരീടം

ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെയും ഏക ഫൈവ് സ്റ്റാർ റാങ്ക് ഓഫീസറുമായിരുന്ന മാർഷൽ ഓഫ് ദ എയർ ഫോഴ്‌സ് അർജൻ സിങ് ഡി.എഫ്.സി.യുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ഏഴാമത് മാർഷൽ ഓഫ് ദ എയർ ഫോഴ്‌സ് അർജൻ സിങ് മെമ്മോറിയൽ ഹോക്കി ടൂർണമെന്റ്–2026 ഇന്ത്യൻ വ്യോമസേന കിരീടം നേടി.

ജൂൺ 23 മുതൽ ജൂലൈ 3 വരെ ബെംഗളൂരുവിലെ എയർ ഫോഴ്‌സ് സ്റ്റേഷൻ ജലഹള്ളിയിലെ അമിത് സിങ് ബക്ഷി ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ആകെ 16 ടീമുകൾ പങ്കെടുത്തു. ഇന്ത്യൻ വ്യോമസേനയുടെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള എയർ ഓഫീസർ-ഇൻ-ചാർജ് എയർ മാർഷൽ എസ്. ശിവകുമാർ വി.എസ്.എം. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ജൂലൈ 3-ന് നടന്ന ഫൈനലിൽ ഇന്ത്യൻ വ്യോമസേന 2–1ന് ഇന്ത്യൻ നാവികസേനയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വ്യോമസേനയുടെ സർജന്റ് ആനന്ദ് ലക്രയ്ക്ക് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും അഗ്‌നിവീർ അഗ്യപാലിന് പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും ലഭിച്ചു.

ടൂർണമെന്റിന്റെ സമാപനച്ചടങ്ങിൽ ട്രെയിനിംഗ് കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് എയർ മാർഷൽ സീതേപ്പള്ളി ശ്രീനിവാസ് (പി.വി.എസ്.എം., എ.വി.എസ്.എം., വി.എസ്.എം.) മുഖ്യാതിഥിയായി. ഡയറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) എയർ മാർഷൽ പി.സി.പി. ആനന്ദ് വി.എസ്.എം. ചടങ്ങിൽ പങ്കെടുത്തു.

ജേതാക്കളായ ഇന്ത്യൻ വ്യോമസേനയ്ക്ക് ട്രോഫിക്കൊപ്പം ₹10 ലക്ഷം രൂപയും റണ്ണറപ്പായ ഇന്ത്യൻ നാവികസേനയ്ക്ക് ₹8 ലക്ഷം രൂപയും സമ്മാനമായി നൽകി.ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ ഇന്ത്യൻ അന്താരാഷ്ട്ര ഹോക്കി താരം പി.ആർ. ശ്രീജേഷിനെയും ഹോക്കി രംഗത്തെ നിരവധി പ്രമുഖരെയും മുഖ്യാതിഥി ആദരിച്ചു.

ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന അർജൻ സിങ് യുദ്ധരംഗത്തും കായികരംഗത്തും മാതൃകാപരമായ നേതൃത്വം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നുവെന്നും ഹോക്കിയോടുള്ള അദ്ദേഹത്തിന്റെ താൽപര്യത്തെ അനുസ്മരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *