

തൃശ്ശൂര്‍; തൃശ്ശൂര്‍ പുന്നയൂര്‍ പഞ്ചായത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സമയോചിതമായ ഇടപെടലിലൂടെ പൊതുസ്ഥലത്ത് ലാബ് മാലിന്യം നിക്ഷേപിച്ച ആള്‍ പിടിയില്‍. ആറ്റുപുറം സെന്റ് ആന്റണീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇബ്രാഹിം നാസിമാണ് ഉപയോഗിച്ച സിറിഞ്ചുകള്‍, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകള്‍, യൂറിന്‍ കണ്ടൈനര്‍ എന്നിവ നിക്ഷേപിച്ചത് കാണുകയും വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.വി.ഷീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമസുന്ദരന്‍, ഐ.ആര്‍.ടി.സി കോഡിനേറ്റര്‍ ബി.എസ്.ആരിഫ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



പരിശോധനയില്‍ മന്നലാംകുന്ന് ഹെല്‍ത്ത് കെയര്‍ ഹൈടെക് ലാബ് അധികൃതരാണ് മാലിന്യം തള്ളിയതെന്ന് തെളിവ് സഹിതം കണ്ടെത്തി. ലാബ് അധികൃതര്‍ക്ക് 50000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു. വടക്കേക്കാട് പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മാലിന്യം തള്ളിയ സ്ഥാപനത്തിന്റെ അധികൃതരെകൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. മനുഷ്യജീവന് ഹാനികരമായ മാലിന്യങ്ങളാണ് ചാക്കില്‍ കണ്ടെത്തിയത്. പൊതുജനങ്ങള്‍ക്ക് മാതൃക ആകേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്നത് ഏറ്റവും ഖേദകരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.വി.ഷീജ അറിയിച്ചു.


