

വര്‍ക്കല: വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ മദ്യപിച്ചെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അയിരൂര്‍ പോലീസ്. വര്‍ക്കല അയിരൂരിലാണ് സംഭവം. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ അയിരൂര്‍ പറമ്പില്‍ രാജീവിന്റെ വീട്ടിലെ ഇലക്ട്രിക് മീറ്ററില്‍ സര്‍വീസ് കേബിളില്‍നിന്ന് തീപിടിച്ചത്. വീടിന് അടുത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയുടെ ഉടമ ഫോണില്‍ വിളിച്ച് പറയുമ്പോഴാണ് രാജീവ് അപകടം മനസിലാക്കിയത്. ഉടന്‍തന്നെ രാജീവിന്റെ മകനും ഭാര്യയും ചെറുമുകള്‍ക്കും ഉള്‍പ്പെട്ട ഏഴംഗ കുടുംബം ഭയന്ന് വീടിന് പുറത്തേക്ക് ഓടി.


ബേക്കറി ഉടമ സംഭവം കെ.എസ്.ഇ.ബി ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല. പ്രദേശത്തെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കാന്‍ ആവശ്യപ്പെട്ട വീട്ടുടമയോട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കാനാണ് കെ.എസ്.ഇ.ബി നിര്‍ദേശിച്ചത്. സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് രണ്ട് കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തിയതോ മദ്യലഹരിയിലും. മദ്യലഹരിയിലായിരുന്ന ജീവനക്കാര്‍ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു. മദ്യലഹരിയിലെത്തിയ ജീവനക്കാരെ ചോദ്യംചെയ്തതോടെ ജീവനക്കാര്‍ രാജീവിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു.


ഇതേതുടര്‍ന്ന് രാജീവ് അയിരൂര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇടപെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിപ്പിച്ചു. അപ്പോഴേക്കും തീയണഞ്ഞിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം കേസെടുക്കുകയും ചെയ്തു. അയിരൂര്‍ പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് രാജീവ് പറഞ്ഞു. 2 വര്‍ഷം മുമ്പ് ഇതേ സാഹചര്യത്തില്‍ വീടിന് തീപിടിച്ച് വര്‍ക്കലയിലെ ഒരു കുടുംബത്തിലെ 5 പേര്‍ വീടിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചിരുന്നു.

