Breaking News

ചിറ്റൂര്‍ പുഴയ്ക്ക് നടുവില്‍ കുടുങ്ങിയ 2 കുട്ടികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ പുഴയ്ക്ക് നടുവില്‍ കുടുങ്ങിയ 2 കുട്ടികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. കുട്ടികള്‍ നിന്നിടത്തേക്ക് ഏണി എത്തിച്ചാണ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏണിയില്‍ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പ്രദേശവാസികളായ മൂന്നു കുട്ടികളാണ് ചിറ്റൂര്‍ പുഴയില്‍ മീന്‍പിടിക്കാനും കുളിക്കാനും ഇറങ്ങിയത്. ഇതില്‍ ഒരു കുട്ടി നീന്തി കരയ്‌ക്കെത്തി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സംഘം ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല് ദിവസം മുന്‍പ് മൈസുരു സ്വദേശികള്‍ കുടുങ്ങിയ നറണി തടയണയുടെ ഭാഗത്ത് നിന്ന് മീറ്ററുകള്‍ അകലെയാണ് കുട്ടികളും കുടുങ്ങിയത്.

കുട്ടികള്‍ നിന്നിരുന്ന ഭാഗത്ത് പുഴയുടെ ആഴം കുറവായിരുന്നെങ്കിലും ശക്തമായ നീരൊഴുക്കുണ്ടായിരുന്നത് ആശങ്കയ്ക്കിടയാക്കി. പ്രദേശത്ത് മഴയില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയായിരുന്നു. ആദ്യം കയര്‍ കെട്ടിയിറങ്ങിയ അഗ്‌നിരക്ഷാ സംഘം കുട്ടികളുടെ അടുത്തെത്തി. ഇതിനിടെ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മാറരുതെന്ന് രണ്ട് കുട്ടികള്‍ക്കും ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കരയില്‍ നിന്ന് കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്ക് ഏണി എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിയ കുട്ടികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *