Breaking News

5 നഗരങ്ങളില്‍ ലോക്ഡൗണ്‍: യു.പി ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ലഖ്‌നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈക്കോടതിയുടെ ഉത്തരവിനെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടേത് ശരിയായ നടപടിയല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി ഉത്തരവെന്നുമായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം.
കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ക്യത്യമായി നടത്തുന്നുണ്ടെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സമ്പൂര്‍ണ്ണ അടച്ചിടല്‍ ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുമെന്നും യു.പി സര്‍ക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചത്.
ലോക്ഡൗണിന് പുറമേ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ വിവാഹമുള്‍പ്പടെയുളള ആള്‍ക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികള്‍ നടത്തരുതെന്നും കോടതി പറഞ്ഞിരുന്നു. നിശ്ചയിക്കപ്പെട്ട വിവാഹങ്ങള്‍ നടത്തുന്നതിന് ഇളവുകളും കോടതി നല്‍കിയിരുന്നു. പ്രദേശത്തെ സാഹചര്യം വിലയിരുത്തി ജില്ല മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ വിവാഹം നടത്താമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. വിവാഹത്തില്‍ 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *