
ന്യൂഡല്‍ഹി: ലഭിച്ച കോവിഡ് വാക്‌സിന്‍ ഒട്ടും പാഴാക്കാതെ കേരളം. രാജ്യമൊട്ടാകെ വിവിധ സംസ്ഥാനങ്ങള്‍ 23 ശതമാനം കോവിഡ് വാക്‌സിന്‍ പാഴാക്കിയതായി വിവരാവകാശ രേഖ പറയുമ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം. ഏപ്രില്‍ 11 വരെ ഏകദേശം 44.78 ലക്ഷം കോവിഡ് വാക്‌സിന്‍ പാഴാക്കിയെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്സിന്‍ ഉപയോഗശൂന്യമായത്.
ഒരു വയല്‍ വാക്‌സിനില്‍ 10 ഡോസാണ് ഉള്ളത്. വയല്‍ തുറന്നുകഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ബാക്കി വരുന്ന വാക്‌സിന്‍ പാഴായിപ്പോകും. അത് ഒഴിവാക്കാന്‍ മികച്ച രീതിയിലുള്ള സംഘാടനം ആവശ്യമാണ്. കേരളത്തിലെ കോവിഡ് വാക്‌സിന്‍ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മികവാണ് വാക്‌സിന്‍ ഒട്ടും പാഴാകാതെ ഉപയോഗിക്കാന്‍ സഹായകമായത്.
ഏപ്രില്‍ 11 വരെ 10.34 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. 12.10 ശതമാനം വാക്‌സിനുകളാണ് തമിഴ്‌നാട് പാഴാക്കിയത്. ഹരിയാന, പഞ്ചാബ്, മണിപ്പുര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം 9.74%, 8.12%, 7.8%, 7.55% എന്നീ കണക്കില്‍ വാക്‌സിന്‍ പാഴാക്കി. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദ്യൂ, ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ്.