

തിരുവനന്തപുരം: അഖില്‍ സജീവ് ഉള്‍പ്പെട്ട നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രാദേശിക നേതാവ് കോടതിയില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ജയകുമാറാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടന്ന തട്ടിപ്പിനെക്കുറിച്ച് മലപ്പുറം സ്വദേശി ഹരിദാസ് നടത്തിയ തുറന്നു പറച്ചിലിനു പിന്നാലെ, കൊച്ചിയില്‍ അഭിഭാഷക ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ശ്രീകാന്ത് അഖില്‍ സജീവിന്റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് ജയകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പണം നല്കിയ അഭിഭാഷകന് അഖില്‍ സജീവില്‍ നിന്ന് പണം തിരികെ വാങ്ങി നല്കാന് താന്‍ ഇടപെട്ടിരുന്നെന്ന് ജയകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍, തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും പോലീസ് നടപടി ഭയന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും ജയകുമാര്‍ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയ്ക്ക് നോര്‍ക്ക് റൂട്ട്സില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ജിക്കു ജേക്കബ് എന്ന വ്യക്തി തന്നെ സമീപിച്ചതെന്നും ഇയാളാണ് അഖില്‍ സജീവിനെ പരിചയപ്പെടുത്തിയതെന്നുമാണ് അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തിയത്.

ജിക്കു ജേക്കബ് എന്ന വ്യക്തിയാണ് ജോലി വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതെന്നും ഇയാളാണ് അഖില്‍ സജീവിനെ പരിചയപ്പെടുത്തിയതെന്നും അഭിഭാഷകന് വ്യക്തമാക്കിയിരുന്നു. ജോലിക്കായി പത്ത് ലക്ഷം രൂപയായിരുന്നു കോഴയായി ചോദിച്ചത്. ജയകുമാര്‍ വളളിത്തോട് എന്ന പ്രാദേശിക നേതാവും കൂടെ ഉണ്ടായിരുന്നു എന്നും അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തിയിരുന്നു.
