

ദില്ലി: ഐ.എസ്.ഭീകരര്‍ കേരളത്തിലും ബേസ് ക്യാമ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്പെഷ്യല്‍ സെല്‍. ദില്ലിയില്‍ അറസ്റ്റിലായ ഐ.എസ്.ഭീകരര്‍ ഷാനവാസും റിസ്വാനും തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്നതായും സ്പഷ്യല്‍ സെല്‍ പറയുന്നു. ഗോവ, കര്‍ണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളില്‍ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെ യാത്രകള്‍ നടത്തിയതായും പശ്ചിമഘട്ട മേഖലകളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു ഇവരുടെ നീക്കമെന്നും സ്പെഷ്യല്‍ സെല്‍ വിശദമാക്കുന്നു. ഷാനവാസടക്കം പിടിയിലായ മൂന്നുപേരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്.

ദില്ലി, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഫോടനങ്ങള്‍ നടത്തിയ ഷാനവാസും സംഘവും ഗുജറാത്ത്, ഗാന്ധിനഗര്‍, മുംബൈ എന്നിവിടങ്ങളിലെ വി.വി.ഐ.പികളെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും വധിക്കാന്‍ പദ്ധതികള്‍ തയാറാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. പാകിസ്ഥാന് ചാരസംഘനയായ ഐ.എസ്.ഐയുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ദില്ലിയില്‍ സ്ഫോടന പരമ്പരകള്‍ നടത്തിയശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു ഇവരുടെ നീക്കമെന്നും പൊലീസ് പറയുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനാണ് സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായ ഷാനവാസ്.

ഷാനവാസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരു വാഹനമോഷക്കേസില് പൂനെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നുകളയുകായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടിയതോടെയാണ് ഇവര്‍ ഭീകര സംഘടനയായ ഐ.എസുമായുള്ള ബന്ധം പുറത്തുവന്നത്. നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് മൂന്ന് പേരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
