Breaking News

നാവായിക്കുളത്ത് യുവതിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് പ്രാഥമാക നിഗമനം

കല്ലമ്പലം: നാവായിക്കുളത്ത് യുവതിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് പ്രാഥമാക നിഗമനം. നാവായിക്കുളം കോട്ടറകോണം കാലാപ്പുറം അബ്ദുല്‍ സലാം-ഷാഹിന ദമ്പതികളുടെ മകള്‍ ആല്‍ഫിയ(28)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയി മടങ്ങും വഴി മെഡിക്കല്‍ കോളേജിന് സമീപമുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് ആല്‍ഫിയയും ഭര്‍ത്താവ് സജീറും ദോശയും മഷ്‌റൂം (കൂണ്‍) കറിയും കഴിച്ചിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ചികിത്സ തേടി.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാല് മണിക്കൂറോളം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന ആന്‍സിയയെ കുഴപ്പൊന്നും ഇല്ലായെന്ന് കണ്ട് വിട്ടയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ആല്‍ഫിയ പിറ്റേന്ന് ഉച്ചയോടെ ഷവര്‍മ കഴിച്ചതായി പറയുന്നു. ആല്‍ഫിയയ്‌ക്കൊപ്പം ഭര്‍ത്താവും മൂത്ത മകനും ഇതേ ഭക്ഷണം കഴിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദില്‍ അനുഭവപ്പെട്ട ആല്‍ഫിയയെ ചാത്തന്‍പാറ കെ.ടി.സി.റ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ച് ബോധം നഷ്ടപ്പെട്ടതോടെ ആല്‍ഫിയയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും 5 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണ കാരണത്തെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുകയുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പുതുശ്ശേരി മുക്കിലുള്ള ഭര്‍ത്തൃവീട്ടില്‍ എത്തിക്കും. തുടര്‍ന്ന് പാവല്ല ജമാഅത്ത് മസ്ജിദില്‍ ഖബറടക്കം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *