Breaking News

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ നേട്ടം: വിലപേശല്‍ തന്ത്രവുമായി ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം വിലപേശല്‍ തന്ത്രവുമായി രംഗത്തെത്തി. കണ്ണൂര്‍ ജില്ലയില്‍ മൂന്നു സീറ്റ് വേണമെന്നാണ് ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചിരുന്നു. ഇതാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടുവരാന്‍ ലീഗ് കണ്ണൂര്‍ ജില്ല ഘടകത്തെ പ്രേരിപ്പിക്കുന്നത്.
നിലവില്‍ അഴീക്കോട് സീറ്റ് മാത്രമാണ് ലീഗിന് ഉള്ളത്. അഴീക്കോടിന് പുറമേ കൂത്തുപറമ്പും തളിപ്പറമ്പുമാണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്. തളിപ്പറമ്പില്‍ കഴിഞ്ഞ തവണ യു.ഡി.എഫിനുവേണ്ടി മത്സരിച്ചത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കൂത്തുപറമ്പില്‍ എല്‍.ജെ.ഡിയുമാണ്. ഇത്തവണ ഇവര്‍ എല്‍.ഡി.എഫിനൊപ്പമായതിനാല്‍ ഇവിടങ്ങളില്‍ ഒഴിവുവരുന്ന സീറ്റുകളാവും ലീഗ് ജില്ലാ ഘടകം ചോദിക്കുക. ജില്ലയില്‍ പാര്‍ട്ടി വളരണമെങ്കില്‍ ജില്ലയില്‍ത്തന്നെയുള്ള എം.എല്‍.എ വേണമെന്നും ഇവര്‍ വാദിക്കുന്നു.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ എല്‍.ജെ.ഡി മത്സരിച്ച മട്ടന്നൂര്‍ സീറ്റും ഒഴിവുണ്ട്. എന്നാല്‍, അധികം ലഭിക്കുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണം ലീഗിന് നല്‍കാന്‍ യു.ഡി.എഫ് തയാറാകുമോയന്നത് സംശയമാണ്. ഒരെണ്ണം നല്‍കാമെന്ന നിലപാട് യു.ഡി.എഫ് സ്വീകരിക്കുകയും ലീഗ് അത് അംഗീകരിക്കുകയും ചെയ്താല്‍ കൂത്തുപറമ്പ് സീറ്റ് ആവശ്യപ്പെടാനാണ് സാധ്യത. കാരണം, മുന്‍പ് ലീഗ് മത്സരിച്ചിരുന്ന പെരങ്ങളത്തിന്റെ ഭാഗമാണ് കൂത്തുപറമ്പ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് കണ്ണൂരില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ജില്ലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് നഗരസഭകളില്‍ രണ്ടിലും അധ്യക്ഷ സ്ഥാനം ലീഗിനാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥനവുമുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന 13 പഞ്ചായത്തുകളില്‍ ആറിടത്തും അധ്യക്ഷ സ്ഥാനത്ത് ലീഗ് ആണ്. അതുകൊണ്ടുതന്നെ ലീഗ് ജില്ല ഘടകത്തിന്റെ ആവശ്യം പരിഗണിക്കാതിരിക്കാന്‍ യു.ഡി.എഫിന് സാധിക്കില്ല. ഈ മാസം 6ന് ലീഗ് സംസ്ഥാന ഭാരവാഹികള്‍ ജില്ലയില്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. അവരുടെ മുന്നില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന.

Related posts

Leave a Reply

Your email address will not be published. Required fields are marked *