Breaking News

പാലയില്‍ തര്‍ക്കം പൂവിടുന്നു: എന്‍.സി.പിയില്‍ പിളര്‍പ്പിന് സാധ്യത; എല്‍.ഡി.എഫ് വിട്ടേക്കും

പി.ജെ.ജോസഫ്, മാണി.സി.കാപ്പന്‍, പിണറായി വിജയന്‍

കോട്ടയം: പാല സീറ്റ് എല്‍.ഡി.എഫില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ജോസ്.കെ.മാണിയുടെ വരവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഗുണംചെയ്തുവെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയതോടെ എന്‍.സി.പിയുടെ സിറ്റിങ് സീറ്റായ പാല കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. രാജ്യസഭാംഗത്വം രാജിവച്ച് ഇവിടെ ജോസ്.കെ.മാണി തന്നെ മത്സരിക്കാനാണ് സാധ്യത.
എന്നാല്‍, പാല സീറ്റിന് പകരം സീറ്റെന്ന നിര്‍ദ്ദേശം മാണി.സി.കാപ്പന്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം അദ്ദേഹം ജോസ്.കെ.മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ആ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് മാണി.സി.കാപ്പന്‍. ഇതോടെ മാണി.സി.കാപ്പന്‍ എല്‍.ഡി.എഫ് വിടാനുള്ള സാധ്യതയും വര്‍ധിക്കുന്നു.
കഴിഞ്ഞ ദിവസം, പാല സീറ്റ് ഉപാധികളില്ലാതെ കാപ്പന് വിട്ടുനല്‍കാമെന്ന വാഗ്ദാനവുമായി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് കാപ്പനെ മുന്നണിയിലേക്ക് ക്ഷണിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കണം. കാപ്പന്‍ യു.ഡി.എഫിലേക്ക് വന്നാല്‍ എന്‍.സി.പി സ്ഥാനാര്‍ത്തിയായിത്തന്നെ മത്സരിക്കാമെന്നും പി.ജെ.ജോസഫ് പറഞ്ഞിരുന്നു.
എന്നാല്‍, കാപ്പനൊപ്പം എന്‍.സി.പി പൂര്‍ണമായി മുന്നണി വിടുമോ അതോ എന്‍.സി.പിയില്‍ പിളര്‍പ്പുണ്ടാകുമോയെന്നതാണ് ചോദ്യം. യു.ഡി.എഫിലേക്ക് പോയാല്‍ എന്‍.സി.പിക്ക് തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമോയെന്ന സംശയം ശശീന്ദ്രന്‍ വിഭാഗത്തിനുണ്ട്. അതുകൊണ്ടാണ് പാല സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പിയുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകാന്‍ വൈകുന്നതും. പതിവുപോലെ ഇക്കാര്യത്തിലും എന്‍.സി.പി വിഷയം കേന്ദ്ര നേതൃത്വത്തിന് വിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ശരദ് പവാര്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പാലയ്ക്ക് പുറമേ കാഞ്ഞിരപ്പള്ളിയും തര്‍ക്ക വിഷയമാണ്. സിറ്റിങ് സീറ്റായതിനാല്‍ കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നല്‍കാന്‍ സി.പി.എം തത്വത്തില്‍ തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. കാഞ്ഞിരപ്പള്ളി സി.പി.ഐയില്‍നിന്ന് ഏറ്റെടുത്ത് ജോസ് വിഭാഗത്തിന് നല്‍കുമ്പോള്‍ പകരം പൂഞ്ഞാര്‍ സീറ്റ് സിപിഐക്ക് നല്‍കാമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഇക്കാര്യത്തില്‍ സി.പി.ഐ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും സി.പി.എം മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല അംഗീകരിക്കാനാണ് സാധ്യത.

Related posts

Leave a Reply

Your email address will not be published. Required fields are marked *