Breaking News

എട്ട് തദ്ദേശവാര്‍ഡുകളിലേക്ക് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എട്ട് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന് രാവിലെ ഏഴ് മുതല്‍ നടക്കും. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷന്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകള്‍, പെരിങ്ങമല പഞ്ചായത്തിലെ കൊല്ലായില്‍, കരിമണ്‍കോട്, മടത്തറ വാര്‍ഡുകള്‍, കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പാറ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 31ന് രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍.

വൈകിട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിനായി എട്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയില്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒരു രേഖ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

ഉപതിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ ഇടതു കയ്യിലെ നടുവിരലിലാണ് മഷി പുരട്ടുന്നത്. ഏപ്രില്‍ മാസത്തില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ്, മഷി നടുവിരലില്‍ പുരട്ടാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *