

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ റിട്ടയേര്‍ഡ് അധ്യാപികയെ കബളിപ്പിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. കുണ്ടറ ചീരക്കാവ് പരുത്തുംപാറ കിഴക്കേമുകളില്‍ വീട്ടില്‍ ഉരൂട്ട് രാജീവ് എന്ന രാജീവി(42)നെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തച്ചൂര്‍കുന്ന് സ്വദേശിനിയായ 72 വയസ്സുള്ള റിട്ടയേര്‍ഡ് അധ്യാപികയെ കബളിപ്പിച്ചാണ് പ്രതി മൂന്ന് പവന്‍ സ്വര്‍ണ്ണം കവര്‍ന്നത്. അധ്യാപികയുടെ മക്കളുടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം അപഹരിച്ചത്. ജൂലൈ 2 ന് കൊല്ലത്തുള്ള മകളുടെ വീട്ടില്‍ പോകാനായി ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റില്‍ എത്തിയ ടീച്ചറെ തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണ നാണയം നല്‍കി സ്വര്‍ണ്ണത്തിന്റെ ക്യാളിറ്റി മനസ്സിലാക്കാന്‍ എന്ന വ്യാജേന ഒരു പവന്‍ വീതമുള്ള മൂന്നു വളകള്‍ പ്രതി കവര്‍ന്നെടുക്കുകയായിരുന്നു.


സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞുവരുന്ന പ്രതി പ്രായമായ സ്ത്രീകളെയും പുരുഷന്മാരെയുമാണ് തന്റെ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. 2010 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പാരിപ്പള്ളി, കുണ്ടറ, പരവൂര്‍, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, കരുനാഗപ്പള്ളി, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, അടൂര്‍, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വെഞ്ഞാറമൂട്, തമ്പാനൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല്‍പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍ ആറ്റിങ്ങല്‍ കോടതിയില്‍ വിചാരണയ്ക്ക് എത്തിയ പ്രതി കോടതി നടപടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ വച്ച് റിട്ടേഡ് അധ്യാപികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്തത്.


2010ല്‍ പ്രമുഖ സിനിമാതാരത്തെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ശേഷം ബിസ്‌ക്കറ്റ് നല്‍കി മയക്കി കവര്‍ച്ച നടത്തിയ കേസില്‍ കൊല്ലം റെയില്‍വേ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ ഗോപകുമാര്‍, എസ്.ഐ.സജിത്ത്, സി.പി.ഒമാരായ ശരത്കുമാര്‍, വിഷ്ണുലാല്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

