Breaking News

കല്ലമ്പലത്തെ ഓട്ടോ ഡ്രൈവർമാർക്ക് ജീവൻരക്ഷാ പരിശീലനം 13ന്

കല്ലമ്പലം: അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക പരിശീലനം നൽകാൻ കല്ലമ്പലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കായി ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കല്ലമ്പലം–വർക്കല റോഡിലെ റോയൽ ക്ലിനികിൻ്റേയും, കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ഘടകം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്രാഥമിക ജീവൻരക്ഷാ പരിശീലനത്തിന്റെ (ബി.എൽ.എസ്.) ഭാഗമായി ഹൃദയസ്തംഭനമുണ്ടാകുന്ന സാഹചര്യങ്ങളിൽ നൽകേണ്ട സി.പി.ആർ., റോഡപകടങ്ങൾ, മുങ്ങിമരണ സാധ്യതയുള്ള സാഹചര്യങ്ങൾ, ഹൃദയാഘാതം, അപസ്മാരം, അമിത രക്തസ്രാവം, തൊണ്ടയിൽ ഭക്ഷണം കുടുങ്ങൽ, വൈദ്യുതാഘാതം, പൊള്ളൽ എന്നിവയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര പ്രഥമശുശ്രൂഷാ നടപടികൾ എന്നിവയിൽ പരിശീലനം നൽകും.

പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുകയും രാവും പകലും യാത്രാസേവനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനുള്ള അറിവും പ്രായോഗിക പരിചയവും നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

അപകടങ്ങളിലോ മറ്റ് അത്യാഹിതങ്ങളിലോ പെടുന്നവർക്ക് പ്രാഥമിക സഹായം നൽകുന്നതിനും വിദഗ്ധ ചികിത്സ ലഭ്യമാകുന്നതുവരെ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും പരിശീലനം സഹായകമാകും.

കല്ലമ്പലം മേഖലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പരിശീലനത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ കല്ലമ്പലം ൻസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 99950 78168 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *