
തിരുവനന്തപുരം: തൊഴിൽ തേടി ആസാമിൽനിന്ന് കേരളത്തിലെത്തിയ ആശാദുൾ ഹഖിന്റെ ബിരുദപഠനമെന്ന സ്വപ്നത്തിന് കൈത്താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പഠനം തുടരാനുള്ള ആഗ്രഹം കൈവിടാതിരുന്ന ആശാദുൾ ഹഖിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ. സോഷ്യോളജിക്ക് പ്രവേശനം ലഭിച്ചു.
പന്ത്രണ്ട് വർഷം മുമ്പ് ആസാമിലെ സോനിത്പുർ ജില്ലയിലെ ഇതാഖോല ഗ്രാമത്തിൽനിന്ന് കേരളത്തിലെത്തുമ്പോൾ പതിനൊന്നുകാരനായ ആശാദുൾ ഹഖിന്റെ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് മാത്രമായിരുന്നു. ആര്യനാട്ടെ ഒരു ഹോട്ടലിൽ ജോലി ചെയ്തായിരുന്നു ജീവിതത്തിന്റെ തുടക്കം. പിന്നീട് അസീസി ആശ്രമത്തിലും ജോലിയിൽ പ്രവേശിച്ചു.
ജോലിക്കൊപ്പം വിദ്യാഭ്യാസം തുടരണമെന്ന ആഗ്രഹമാണ് ആശാദുൾ ഹഖിനെ സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചത്. പ്രേരക് ബിന്ദുവിന്റെ സഹായത്തോടെ സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട അദ്ദേഹം നോഡൽ പ്രേരക് രാജീവിന്റെ നേതൃത്വത്തിൽ പത്താംതരം തുല്യതാ കോഴ്സിന് ചേർന്നു.

ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനകേന്ദ്രത്തിൽ പഠിച്ച് മികച്ച വിജയം നേടി. പ്രേരക് കുമാരിസുമയും സെന്റർ കോ-ഓർഡിനേറ്റർ എന്ന നിലയിൽ ആവശ്യമായ പിന്തുണ നൽകി.
തുടർന്ന് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലും ചേർന്ന ആശാദുൾ ഹഖ് അവിടെയും മികച്ച വിജയം കരസ്ഥമാക്കി. ഇതോടെ ബിരുദപഠനം നടത്തണമെന്ന ആഗ്രഹം ശക്തമായി.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടർപഠനത്തിന് തടസ്സമായി.
ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് സെന്റർ കോ-ഓർഡിനേറ്റർ കൂടിയായ പ്രേരക് ബിന്ദു അദ്ദേഹത്തിന് വിവരം നൽകിയത്. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് സാക്ഷരതാ മിഷൻ മുഖേന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി.
തുടർന്ന് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആശാദുൾ ഹഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനിക്ക് അപേക്ഷ നൽകി. പന്ത്രണ്ട് വർഷമായി ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരനായ ആശാദുൾ ഹഖിന്റെ പഠനതാൽപ്പര്യം പരിഗണിച്ച ജില്ലാ പഞ്ചായത്ത് കമ്മിറ്റി അദ്ദേഹത്തെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.ഇതോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എ. സോഷ്യോളജിക്ക് പ്രവേശനം നേടാൻ അദ്ദേഹത്തിന് സാധിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയ ആശാദുൾ ഹഖിന് പ്രസിഡന്റ് വി. പ്രിയദർശിനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.വി. അനിൽ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സജിത കെ., സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
പ്രതിസന്ധികൾക്കിടയിലും പഠനത്തോടുള്ള താൽപ്പര്യം കൈവിടാതെ മുന്നേറിയ ആശാദുൾ ഹഖിന് പുതിയ പ്രതീക്ഷയാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിലൂടെ കൈവന്നിരിക്കുന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …