

തിരുവനന്തപുരം: സി.പി.എമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നല്കിയ പരാതി. പരാതി ചോര്‍ന്ന് ദില്ലി ഹൈക്കോടതിയിലെ കോടതി രേഖയായതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താന്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിക്ക് നല്കിയ കത്ത് ചോര്‍ന്നതിനെതിരെ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് പരാതി നല്കി. എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകന് ശ്യാം ആണ് കത്ത് ചോര്‍ത്തിയതെന്ന ആരോപണമാണ് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നത്. പല പാര്‍ട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷര്‍ഷാദ് നല്കിയ പരാതിയാണ് ചോര്‍ന്നത്.

ലണ്ടന്‍ മലയാളി രാജേഷ് കൃഷ്ണ വഴി പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോര്‍ത്തിയത് എം.വി.ഗോവിന്ദന്റെ മകനാണെന്ന് സംശയിക്കുന്നുവെന്ന് പാര്‍ട്ടിക്ക് പരാതി നല്കിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു. ചോര്‍ച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എം.എ.ബേബിക്ക് പുതിയ പരാതി നല്‍കിയത്.
പി.ബിക്ക് നല്കിയ പരാതി ദില്ലി ഹൈക്കോടതിയിലെ മാനഷ്ടക്കേസിന്റെ ഭാഗമാക്കിയെന്നാണ് പരാതി. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നല്കിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാര്‍ട്ടിക്ക് നല്കിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസില്‍ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്.

പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കല്‍ എം.എ.ബേബി സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കെതിരായിരുന്നു മാനനഷ്ട കേസ്. രാജേഷും താനും തമ്മിലുള്ള പ്രശ്നം എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണെന്നും രാജേഷ് കൃഷ്ണയ്ക്കെതിരെ 2021ലാണ് താന്‍ ആദ്യമായി പരാതി നല്‍കുന്നതെന്ന് വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
